കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തു

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍. പി.വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലെ ജനലും വാതിലും അടിച്ചു തകര്‍ത്തു.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ നിലമ്പൂര്‍ കരുളായി വനത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ചു വരുന്നതിനിടെ ആണ് സംഭവം. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യില്‍ അഞ്ച് വയസുകാരനായ മകനുണ്ടായിരുന്നു.

തെറിച്ച് വീണ കുട്ടിയെ ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളാണ് കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കാട്ടാന പാഞ്ഞടുക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മണിയുടെ മകനെ എടുത്ത് ഓടി. അതിനാലാണ് കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടിയത്.

കാട്ടാന ആക്രമണത്തില്‍ മരിച്ച മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിച്ചുവെന്നും ചോര വാര്‍ന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്. ശേഷം പി.വി അന്‍വറും പ്രവര്‍ത്തകരും മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് പോയി. അവിടെയാണ് മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10 ഓടെയാണ് കൂടെയുണ്ടായിരുന്നവര്‍ കോളനിയില്‍ എത്തിയപ്പോള്‍ മാത്രമാണ് മണിയുടെ സഹോദരന്‍ അയ്യപ്പന്‍ വിവരം അറിഞ്ഞത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതും തിരിച്ചടിയായി. അയ്യപ്പന്‍ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാന്‍ ഒന്നര കിലോ മീറ്റര്‍ ദൂരമാണ് ചുമന്നത്. കണ്ണക്കൈയില്‍ എത്തിച്ച ശേഷം അവിടെ നിന്ന് ജീപ്പില്‍ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള മാര്‍ഗ മധ്യേ മണി മരണത്തിന് കീഴടങ്ങി. മണിയുടെ കുടുംബത്തിന് ധന സഹായമായി പത്ത് ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി.വി അന്‍വര്‍ ആരോപിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും സര്‍ക്കാര്‍ മനുഷ്യ ജീവന് നല്‍കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.