നിമിഷ പ്രിയ ഹൂതി വിമതരുടെ കസ്റ്റഡിയില്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി

നിമിഷ പ്രിയ ഹൂതി വിമതരുടെ കസ്റ്റഡിയില്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് ഡോ. റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി.

വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരി വെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

നിമിഷ പ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ മേഖലയിലാണ്. കേസ് കൈകാര്യം ചെയ്തതും ഹൂതികളാണ്. അതേസമയം യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ ചെയര്‍മാനായ ഡോ. റാഷിദ് അല്‍ അലിമി ഇതുവരെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും റിപ്പബ്ലിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയും ഇന്ത്യയും ഔദ്യോഗികമായി അംഗീകരിക്കുന്നത് റാഷീദ് അല്‍ അലിമി നയിക്കുന്ന സര്‍ക്കാരിനെയാണ്. ഹൂതി വിഭാഗത്തെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ഹൂതി സര്‍ക്കാരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്താനാകില്ല.

നിമിഷ പ്രിയ കഴിയുന്ന സനായിലെ ജയില്‍ ഹൂതി നിയന്ത്രണ മേഖലയിലാണ്. വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായ ഇറാന്റെ സഹായം വഴി മാത്രമേ നിമിഷ പ്രിയയുടെ കേസില്‍ ഇനി ഇടപെടല്‍ സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനിയായ നിമിഷ പ്രിയയ്ക്ക് യെമനില്‍ വധശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. 2020 ല്‍ സനായിലെ വിചാരണ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചു.

2023 ല്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷ പ്രിയയുടെ അപ്പീല്‍ തള്ളി. എന്നാല്‍, ദിയാധനം നല്‍കി ശിക്ഷയില്‍ നിന്ന് ഇളവ് നേടാനുള്ള അവസരം നല്‍കി. ഇതിനു പിന്നാലെ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ് വധ ശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.