'മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണം': ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തള്ളി വഖഫ് ബോര്‍ഡ്; ഒന്നിച്ചെതിര്‍ത്ത് ക്രൈസ്തവ സഭ

'മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണം': ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തള്ളി വഖഫ് ബോര്‍ഡ്; ഒന്നിച്ചെതിര്‍ത്ത് ക്രൈസ്തവ സഭ

കൊച്ചി: മുനമ്പത്തെ ഭൂമി തിരിച്ച് പിടിച്ച് നല്‍കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സംസ്ഥാന വഖഫ് ബോര്‍ഡ്.

മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ നടന്നിരിക്കുന്നത് കൈയേറ്റമാണെന്നും ഇത് ഉടന്‍ ഒഴിപ്പിക്കണമെന്നുമാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്. സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെയെല്ലാം തകര്‍ക്കുന്ന നീക്കമാണെന്ന് ബോര്‍ഡിന്റേത് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ കമ്മീഷന് മുന്നില്‍ ഇന്നലെയാണ് വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. മുനമ്പത്തെ ആധാരങ്ങള്‍ നിയമ വിരുദ്ധമായി തയാറാക്കിയവയാണ്.

ഇവയ്ക്ക് സാധുതയില്ലെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. വഖഫ് ബോര്‍ഡ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ജനുവരി 10 ന് ശേഷം കളക്ടറേറ്റില്‍ വിശദമായ തെളിവെടുപ്പ് ആരംഭിക്കാനാണ് കമ്മീഷന്‍ തീരുമാനം.

അതേസമയം, മുനമ്പം ഭൂമി വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭാ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തില്‍ നാല് ബിഷപ്പുമാര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.

ആക്ട്‌സ് പ്രസിഡന്റ് ബിഷപ് ഉമ്മന്‍ ജോര്‍ജ്, ഓര്‍ത്തഡോക്സ് സഭ മെത്രാന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ബിലീവേഴ്സ് ചര്‍ച്ച് ഈസ്റ്റേണ്‍ സഭ ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, മാര്‍ത്തോമ്മ സഭയിലെ റവ. ഡോ. സി.എ.വര്‍ഗീസ്, സാല്‍വേഷന്‍ ആര്‍മി പ്രതിനിധി ലഫ്. കേണല്‍ സാജു ഡാനിയല്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സമര പന്തലില്‍ പ്രസംഗിച്ചു.


മുനമ്പം ജനതയുടെ ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ല മറിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണന്നും യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് പറഞ്ഞു.

റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ സങ്കടത്തിലാണ്. നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും അദേഹം ആവശ്യപ്പെട്ടു.

മുനമ്പം ജനതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകും വരെ പോരാട്ടം ശക്തമായിത്തന്നെ തുടരണമെന്ന് സിഎസ്ഐ സഭ ബിഷപ് ഡോ.ഉമ്മന്‍ ജോര്‍ജ് നിര്‍ദേശിച്ചു. ന്യായമായ സമരങ്ങള്‍ വിജയിക്കാതിരുന്നിട്ടില്ല. സഭകളുടെ ഒന്നടങ്കമുള്ള പിന്തുണ മുനമ്പം ജനതയ്ക്ക് ഉണ്ടാകണമെന്നും അദേഹം ആവശ്യപ്പെട്ടു.

മുനമ്പത്തെ നീറുന്ന പ്രശ്നം കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് പറഞ്ഞു. മലയോരവും തീരദേശവും പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന മേഖലകളാണ്. അവിടെ സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ സംവിധാനങ്ങള്‍ വേണം. അതിന് ഉത്തരവാദപ്പെട്ടവര്‍ എത്രയും വേഗം രംഗത്തു വരണമെന്നും അദേഹം ആവശ്യപ്പെട്ടു.

മുനമ്പത്ത് വേദന അനുഭവിക്കുന്നവര്‍ക്ക് ഒപ്പം ക്രൈസ്തവ സഭാ നേതൃത്വം ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന് ഡോ.സി.എ വര്‍ഗീസ് പറഞ്ഞു. ശക്തമായ പിന്തുണയുമായി സമരക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്ന് സാല്‍വേഷന്‍ ആര്‍മി പ്രതിനിധി ലഫ്. കേണല്‍ സാജു ഡാനിയല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.