തലസ്ഥാനത്ത് അങ്കത്തിന് തിയതി കുറിച്ചു: ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിന് പോളിങ്; എട്ടിന് ഫലമറിയാം

തലസ്ഥാനത്ത് അങ്കത്തിന്  തിയതി കുറിച്ചു: ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിന് പോളിങ്;  എട്ടിന് ഫലമറിയാം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലമറിയാം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്.

ഒരു ഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18 ന് സൂക്ഷ്മ പരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.

ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണ സീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറ സംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യം ചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ പോളിങ് ബൂത്തിലെത്തുക.

2020 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റുകളുടെ മഹാ ഭൂരിപക്ഷത്തോടെയാണ് അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബിജെപിയ്ക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി.

തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീരകണം നല്‍കി. തിരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണെന്നും ഇവിഎം അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിഎമ്മില്‍ ക്രമക്കേട് നടത്താനാകില്ല. ഓരോ ഘട്ടത്തിലും സൂക്ഷ്മ പരിശോധന നടത്താറുണ്ട്. ഇവിഎം കമ്മിഷനിങ് മുതല്‍ വോട്ടെണ്ണല്‍ വരെ ഓരോ ഘട്ടത്തിലും ഇത് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരെയും ബോധ്യപ്പെടുത്താറുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. 2020 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വലിയ കക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.