ജനീവ: ഇറാനിലെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐക്യരാഷ്ട്ര സഭ. ഇറാനില്‍ 2024 ല്‍ മാത്രം തൂക്കിലേറ്റിയത് 901 പേരെയെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.
ഡിസംബറിലെ ഒരാഴ്ചയില്‍ മാത്രം വധ ശിക്ഷയ്ക്ക് വിധേയരാക്കിയത് 40 പേരെയാണെന്നും യു.എന്‍ റൈറ്റ്സ് അധ്യക്ഷന്‍ വോള്‍ക്കര്‍ ടുര്‍ക്ക് പറഞ്ഞു.
ഓരോ വര്‍ഷം കഴിയും തോറും ഇറാനില്‍ വധ ശിക്ഷയുടെ എണ്ണം കൂടിവരികയാണെന്നും ഇത് തങ്ങളെ സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്നും വോള്‍ക്കര്‍ വ്യക്തമാക്കി. 2024 ല്‍ 901 പേരെയാണ് രാജ്യം വധ ശിക്ഷയ്ക്ക് വിധേയമാക്കിയതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകം, ലഹരി മരുന്ന് കടത്തല്‍, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് ഇറാന്‍ വധ ശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ലഹരി മരുന്നുമായി ബന്ധപ്പെട്ടുള്ള വധ ശിക്ഷയാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് കൂടുതലായി നടപ്പാക്കിയത്.
നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് (ഐഎച്ച്ആര്‍) പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനില്‍ വധ ശിക്ഷയ്ക്ക് വിധേയമാക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും സമീപകാലത്തായി വര്‍ധനവുണ്ടായി. 2024 ല്‍ 31 സ്ത്രീകളെയാണ് രാജ്യത്ത് തൂക്കിലേറ്റിയത്.
ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ ഏറ്റവുമധികം പേരെ വധ ശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചൈനയിലെ സ്ഥിതി വ്യക്തമല്ല.
വധ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്ന ആളുകളുടെ എണ്ണം ഇറാനില്‍ വര്‍ധിക്കുന്നതിനെതിരേ കടുത്ത പ്രതിഷേധങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. പൊതു സമൂഹത്തെ ഭയപ്പെടുത്തുന്നതിനായി ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖൊമേനി വധ ശിക്ഷയെന്ന ആയുധത്തെ ഉപയോഗിക്കുകയാണെന്ന് നിരവധി വ്യക്തികളും സംഘടനകളും ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.