തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിനായി ഫണ്ട് വെട്ടിച്ചുവെന്ന പരാതിയില്‍ ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പിരിച്ചെടുത്ത 4,62,500 രൂപ നല്‍കിയില്ലെന്നായിരുന്നു പരാതി
മംഗലപുരം പൊലീസ് മധുമുല്ലശേരിയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നി കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്.
പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയാസെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. വീണ്ടും മംഗലപുരം ഏരിയായിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലപുരം പൊലീസിലും പരാതി നല്‍കി.
ഏരിയാസമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.