കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാട് നിന്നാണ് ഇദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകള്‍ക്ക് നേരേ അശ്ലീല പരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തത്.
നടിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.
ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയ ശേഷം നടി തന്നെയാണ് ഇത് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. 'താങ്കളുടെ തന്നെ മാനസിക നിലയുള്ള കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകെയുണ്ടാകും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു'- അവര്‍ ഇന്നലെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു.
അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ വിശദീകരണം തള്ളിക്കൊണ്ടാണിപ്പോള്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസുകളില്‍ ഫെയ്‌സ് ബുക്കില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
പൊലീസിന് മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ അടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.