എന്‍.എം വിജയനുമായി ബന്ധപ്പെട്ട കോഴ ആരോപണം: കേസെടുത്ത് പൊലീസ്; കെപിസിസി അന്വേഷണ സമിതി തെളിവെടുപ്പ് തുടരുന്നു

എന്‍.എം വിജയനുമായി ബന്ധപ്പെട്ട കോഴ ആരോപണം: കേസെടുത്ത് പൊലീസ്; കെപിസിസി അന്വേഷണ സമിതി തെളിവെടുപ്പ് തുടരുന്നു

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണമായ കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തു.

വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ രണ്ട് എഫ്ഐആറുകളാണ് ബത്തേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. താളൂര്‍ സ്വദേശി പത്രോസ്, മുള്ളന്‍കൊല്ലി സ്വദേശി സായൂജ് എന്നിവരുടെ പരാതികളിലാണ് കേസെടുത്തത്. വഞ്ചന കുറ്റത്തിനാണ് കേസ്.

സുല്‍ത്താന്‍ ബത്തേരിയിലെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ബത്തേരി പൊലീസ് കേസെടുത്തത്. ഒമ്പതു ലക്ഷം രൂപ നല്‍കാനുണ്ടെന്ന പരാതിയാണ് പത്രോസ് നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം വാങ്ങിയെന്നാണ് സായൂജിന്റെ പരാതി.

അര്‍ബന്‍ ബാങ്കില്‍ മകന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിജയന്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന് മേപ്പാടി സ്വദേശി ചാക്കോ ആരോപിച്ചു. നിയമനക്കോഴ ആരോപണങ്ങളില്‍ അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴിയെടുത്തിട്ടുണ്ട്.

എന്‍.എം വിജയന്റെ ബന്ധുക്കളുടെയും അദേഹവുമായി അടുത്ത ബന്ധമുള്ളവരുടെയും മൊഴികളാണ് എടുത്തത്. വിജയന്‍ ഇടപാട് നടത്തിയ 15 ബാങ്കുകളില്‍ നിന്ന് സ്റ്റേറ്റ്മെന്റ് ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ 1.13 കോടിയോളം രൂപയുടെ ബാധ്യതയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ബാങ്ക് നിയമനത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കിയവരുടെ മൊഴികളും രേഖപ്പെടുത്തും. ബത്തേരി ഡിവൈഎസ്പി കെകെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

അതിനിടെ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ച കെപിസിസി സമിതി വയനാട്ടിലെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതിയില്‍, സണ്ണി ജോസഫ്, ടി.എന്‍ പ്രതാപന്‍, കെ. ജയന്ത് എന്നിവരാണുള്ളത്.

ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങളിലും തെളിവെടുപ്പ് തുടരുകയാണ്.

കുടുംബത്തിന്റെ പരാതി ഗൗരവത്തോടെ പരി?ഗണിക്കുമെന്ന് കമ്മീഷന്‍ അംഗം സണ്ണി ജോസഫ് പറഞ്ഞു. ആരോപണ വിധേയരെ മാറ്റി നിര്‍ത്തണോയെന്ന് കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറയുന്ന എന്‍.ഡി അപ്പച്ചന്‍ എല്ലാ ആരോപണവും നിഷേധിച്ച് രംഗത്തെത്തി. ഒറ്റ പൈസ താന്‍ പറഞ്ഞിട്ട് വിജയന്‍ വാങ്ങിയിട്ടില്ലെന്ന് അപ്പച്ചന്‍ പറഞ്ഞു.

ഇടപാട് താന്‍ പറഞ്ഞിട്ട് നടത്തിയിട്ടില്ല. വ്യക്തിപരമായി ഞാനും വിജയനും തമ്മില്‍ നല്ല ബന്ധമാണ്. കഴിഞ്ഞ 19 ന് നടന്ന ഡിസിസി ജനറല്‍ ബോഡിയില്‍ വിജയന്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണെങ്കില്‍ വിജയന്‍ പറയുമായിരുന്നില്ലേ. വിജയന്‍ പണം വാങ്ങിച്ചു എന്നത് ശരിയാണ്.

ഇടപാടുമായി ബന്ധപ്പെട്ട് വിജയന്റെ വസ്തു അറ്റാച്ച് ചെയ്തിട്ടുണ്ട്. വിജയന്‍ പൈസ അടച്ചിട്ടുണ്ട് എന്നറിഞ്ഞു. മരണത്തിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. വയനാട്ടിലെ കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദേഹം പറഞ്ഞു.

പാര്‍ട്ടി നേതാക്കളെ കുറിച്ച് പരാതിയുണ്ടായിരുന്നെങ്കില്‍ എന്‍.എം വിജയന്‍ പാര്‍ട്ടിയുടെ ആദ്യ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചേനെ എന്ന് ടിസിദ്ദിഖ് എംഎല്‍എയും പ്രതികരിച്ചു. പാര്‍ട്ടി കാരണമല്ല ആത്മഹത്യ. വിജയന്‍ പേര് എഴുതി വെച്ചു എന്ന് കരുതി ഐ.സി ബാലകൃഷ്ണനും എന്‍.ഡി അപ്പച്ചനും കുറ്റക്കാര്‍ ആകില്ല.

വിജയന്റെ ബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. എന്‍.എം വിജയന്റേതായി പുറത്ത് വന്ന കത്ത് പഴയതെന്ന വാദവുമായി ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥനും രംഗത്തു വന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.