ഐസിടി അറസ്റ്റ് വാറണ്ടിന് പിന്നാലെ ഷെയ്ഖ് ഹസീനയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍

ഐസിടി അറസ്റ്റ് വാറണ്ടിന്  പിന്നാലെ ഷെയ്ഖ് ഹസീനയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍

ധാക്ക: അധികാരത്തില്‍ നിന്ന് പുറത്തായി ഇന്ത്യയില്‍ അഭയം പ്രാപിച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റേതാണ് നടപടി. ഷെയ്ഖ് ഹസീനയുടേത് ഉള്‍പ്പെടെ ഉള്‍പ്പെടെ മൊത്തം 97 വ്യക്തികളുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ രാജ്യത്ത് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇവരില്‍ 22 പേര്‍ നിര്‍ബന്ധിത തിരോധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന വ്യക്തികളാണെങ്കില്‍ ശേഷിക്കുന്ന 75 പേര്‍ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ കൊലപാതകങ്ങളില്‍ പങ്കുള്ളതായി ആരോപണം നേരിടുന്ന ആളുകളാണ്.

ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേര്‍ക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണല്‍ (ഐസിടി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള പ്രതികളെ ഫെബ്രുവരി 12 നുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ സമയ പരിധി നല്‍കിയിട്ടുണ്ട്.

മറ്റ് പ്രധാന പ്രതികളില്‍ ഷെയ്ഖ് ഹസീനയുടെ പ്രതിരോധ ഉപദേഷ്ടാവായിരുന്ന റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ താരിഖ് അഹമ്മദ് സിദ്ദിഖ്, മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ബേനസീര്‍ അഹമ്മദ്, നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ മോണിറ്ററിങ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ജനറലായ സിയാവുല്‍ അഹ്സാന്‍ എന്നിവരും ഉള്‍പ്പെടുന്നു.

അതിനിടെ ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് അടുത്തിടെ ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ഖ് ഹസീനയെ എത്രയും പെട്ടെന്ന് വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് നയതന്ത്ര തലത്തിലെ കത്തിലൂടെ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് സമാനമായി ഡിസംബര്‍ അവസാനവും ധാക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയുടെയും അവരുടെ മന്ത്രിമാരുടെയും ഉപദേശകരുടെയും മുന്‍ സൈനിക, സിവില്‍ ഉദ്യോഗസ്ഥരുടെയും പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.