കൊച്ചി: നടി ഹണി റോസിനെതിരെ അശ്ലീല അധിക്ഷേപം നടത്തിയ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഉത്തരവ് കേട്ട ബോബി കോടതിയില്‍ കുഴഞ്ഞു വീണു. ഇതേ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.
ബോബി ചെമ്മണൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഹാജാരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.
ശരീരത്തില്‍ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്‌ട്രേറ്റ് ചോദിച്ചു. രണ്ട് ദിവസം മുന്‍പ് വീണ് കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്ന് ബോബി അറിയിച്ചു. പൊലീസ് മര്‍ദിച്ചിട്ടില്ലെന്നു ബോബി കോടതിയില്‍ പറഞ്ഞു.
ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ പ്രതി പരാതിക്കാരിയായ നടി ഹണി റോസിനെ അപായപ്പെടുത്താനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മാത്രമല്ല സാക്ഷികളെ സ്വാധിനിക്കുമെന്നും ജാമ്യം നില്‍കിയാല്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് ബോബിയെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് തവണ ബോബിക്ക് വൈദ്യ പരിശോധന നടത്തിയിരുന്നു. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നത് മാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ. ജയകുമാര്‍ പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബിയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ട്. ഹണി റോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടര്‍ നടപടിയെന്നും എസിപി ജയകുമാര്‍ പറഞ്ഞു. ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.