25 വര്‍ഷം തടവില്‍; ചൈനയിലെ ഏറ്റവും പ്രായം കൂടിയ വൈദികന്‍ അന്തരിച്ചു

25 വര്‍ഷം തടവില്‍; ചൈനയിലെ ഏറ്റവും പ്രായം കൂടിയ വൈദികന്‍ അന്തരിച്ചു

ബീജിങ്: കത്തോലിക്കാ വിശ്വാസത്തോട് ചേര്‍ന്നു നിന്ന് പീഡനങ്ങളെ ധീരമായി നേരിട്ട ചൈനയിലെ ഏറ്റവും പ്രായം കൂടിയ വൈദികന്‍ 104-ാം വയസില്‍ അന്തരിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 25 വര്‍ഷം തടവില്‍ കഴിഞ്ഞ ഫാ. ജോസഫ് ഗുവോ ഫ്യൂഡ് ആണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിന് മുമ്പ് നിയമിക്കപ്പെട്ട ചൈനയിലെ അവശേഷിച്ച ചുരുക്കം ചില കത്തോലിക്കാ പുരോഹിതന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ചൈനയിലെ കത്തോലിക്കരുടെ ധീരമായ വിശ്വാസത്തിന്റെയും അസാധാരണമായ കഷ്ടപ്പാടുകളുടെയും പ്രതീകമായിരുന്നു ഫാ. ഗുവോ. കാല്‍നൂറ്റാണ്ട് ജയിലില്‍ കഴിഞ്ഞ അദ്ദേഹം 90 വയസുള്ളപ്പോഴും തന്റെ ജനങ്ങളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. ജയില്‍ വാസത്തെ വളരെ കഠിനമായ ശിക്ഷയായി കാണാതെ വിശ്വാസത്തിലും ആത്മീയതയിലും പ്രാര്‍ഥനയിലും വളരാനുള്ള അവസരമായിട്ടായിരുന്നു അദ്ദേഹം കണ്ടത്.

'എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ജയില്‍ എനിക്ക് ചിന്തിക്കാനും പ്രാര്‍ഥിക്കാനും ആത്മീയമായി വളരാനും കഴിയുന്ന ഒരു സ്ഥലമായി മാറി. എന്റെ തടവറ ജീവിതം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ദൈവത്തെ സേവിക്കുന്നതില്‍ തുടരാനും എനിക്ക് ശക്തി നല്‍കി. എല്ലാ പരീക്ഷണങ്ങളും ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. ഭൗമിക സമ്പത്ത് ക്ഷണികമാണെന്നും ദൈവത്തിലുള്ള വിശ്വാസം മാത്രമാണ് യഥാര്‍ത്ഥ സമ്പത്തെന്നും ജയില്‍വാസം എന്നെ പഠിപ്പിച്ചു' - ഫാ. ഗുവോ തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

1920 ഫെബ്രുവരിയില്‍ ജനിച്ച ഗുവോ 1947 ല്‍ പുരോഹിതനായി അഭിഷിക്തനായി. 1959 ല്‍, രാഷ്ട്രത്തിനെതിരേ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിക്കപ്പെട്ട് അദ്ദേഹം ആദ്യമായി ജയിലിലടയ്ക്കപ്പെട്ടു. 1967 നും 1979 നും ഇടയില്‍ ചാരവൃത്തി കുറ്റത്തിന് രണ്ടാമതും 1982 ല്‍ വിശ്വാസം പ്രചരിപ്പിച്ചതിന് മൂന്നാമതും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.