അഭിനയത്തിലും കൈവെച്ച പി. ജയചന്ദ്രന്‍; വേഷമിട്ടത് നാല് ചിത്രങ്ങളില്‍

അഭിനയത്തിലും കൈവെച്ച പി. ജയചന്ദ്രന്‍; വേഷമിട്ടത് നാല് ചിത്രങ്ങളില്‍

പ്രണയത്തിന്റെയും ഗൃഹാതുരതയുടെയും ഭാവ ഗാനങ്ങള്‍ നല്‍കിയ അനുഗ്രഹീത ഗായകനാണ് വിടവാങ്ങിയ പി. ജയചന്ദ്രന്‍ സിനിമാ ഗാനങ്ങള്‍ മാത്രമല്ല, അഭിനയത്തിലും കൈവെച്ചിട്ടുണ്ട്. നാല് സിനിമകളിലാണ് അദേഹം അഭിനയിച്ചിട്ടുള്ളത്. കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, നഖക്ഷതങ്ങള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവയാണ് അദേഹം അഭിനയിച്ച സിനിമകള്‍.

1979 ഒ. രാംദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കൃഷ്ണപരുന്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിനൊപ്പം പാട്ടുപാടുകയും ചെയ്തിരുന്നു. കെ.ജി ജോര്‍ജ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കി'ല്‍ പി.ജയചന്ദ്രനായി തന്നെയാണ് അഭിനയിച്ചത്. തുടര്‍ന്നായിരുന്നു നഖക്ഷതങ്ങളില്‍ അഭിനയിച്ചത്.

എം.ടി വാസുദേവന്‍നായരാണ് തന്റെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളില്‍ അഭിനയിക്കാന്‍ പി.ജയചന്ദ്രനെ പ്രേരിപ്പിച്ചത്. ഒരിക്കലും അഭിനയത്തോട് താല്‍പ്പര്യമില്ലായിരുന്ന ജയചന്ദ്രന്‍ അതിലും അഭിനേതാവായി. ഒരു നമ്പൂതിരിയുടെ വേഷമായിരുന്നു സിനിമയില്‍ ലഭിച്ചത്. പെരുമാറ്റരീതികള്‍ നന്നായി അറിയാവുന്നതുകൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് ജയചന്ദ്രന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് പാട്ടുകളും ഇതില്‍ ജയചന്ദ്രന്‍ പാടിയിരുന്നു.

ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് ജയചന്ദ്രനെ അഭിനേതാവായി കണ്ടത് 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലാണ്. സിനിമയില്‍ നാരായണന്‍ പോറ്റിയായി പ്രത്യക്ഷപ്പെട്ട ജയചന്ദ്രന്‍ അതിന് ശേഷം അഭിനയിച്ചിട്ടില്ല.

ഒരിക്കലൊരു മാധ്യമ പ്രവര്‍ത്തകന്‍ എന്തുകൊണ്ടാണ് അഭിനയം തുടരാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ അദേഹം നല്‍കിയ മറുപടി- 'ആളുകള്‍ക്ക് സഹിക്കാവുന്നതിന് ഒരു പരിധിയില്ലെടോ' എന്നായിരുന്നു . തന്റെ അഭിനയം 'കണ്ട് തനിക്കൊന്നും വേറെ പണിയില്ലെടോ' എന്ന് എ.ടി ഉമ്മര്‍ ചോദിച്ചതും അദേഹം സരസമായി മുമ്പ് പറഞ്ഞിട്ടും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26