ദൈവാത്മാവിൽ ജന്മമെടുത്ത ദിവസമാണ് മാമോദീസ ദിനം; ജന്മദിനം ആഘോഷിക്കുന്നതുപോലെ മാമോദീസയുടെ വാർഷികവും ആഘോഷിക്കാൻ മാർപാപ്പയുടെ ആഹ്വാനം

ദൈവാത്മാവിൽ ജന്മമെടുത്ത ദിവസമാണ് മാമോദീസ ദിനം; ജന്മദിനം ആഘോഷിക്കുന്നതുപോലെ മാമോദീസയുടെ വാർഷികവും ആഘോഷിക്കാൻ മാർപാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ദൈവത്തിന് നമ്മോടുള്ള ഗാഢമായ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലാണ് യേശുവിന്റെ ജ്ഞാനസ്നാനമെന്ന് ഫ്രാൻസിസ് മാർപാപ്പ. യേശുവിന്റെ മനുഷ്യത്വത്തിലാണ് ദൈവസ്നേഹം പൂർണമായി വെളിപ്പെട്ടത്. ഓരോ ചുവടുവയ്പ്പിലും നമ്മോടൊപ്പം സഞ്ചരിക്കുന്ന ഏക പിതാവിന്റെ മക്കളെന്ന നിലയിൽ, അതേ സ്നേഹത്തിൽ നാം മുന്നേറണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്ക് ഒരുക്കമായി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. ക്രിസ്മസ് കാലത്തിന്റെ സമാപനം കുറിക്കുന്ന കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിനോടനുബന്ധിച്ചുള്ള വിചിന്തനങ്ങളാണ് പാപ്പാ ഈയാഴ്ച പങ്കുവച്ചത്.

ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായനയിൽ തെളിഞ്ഞു നിൽക്കുന്ന രണ്ടു ഘടകങ്ങളെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ജോർദാൻ നദിയിൽ വെളിപ്പെട്ട ദൈവത്തിൻറെ മുഖവും ശബ്ദവുമാണ് നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്ന ആ രണ്ട് ഘടകങ്ങൾ.

യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിക്കാൻവേണ്ടിയുള്ള യേശുവിൻ്റെ കടന്നുവരവ്, കാത്തുനിൽപ്പിന്റെ ഒരു രംഗം എന്നവിധമാണ് സുവിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്നാനം സ്വീകരിക്കാനായി 'നഗ്നമായ' ആത്മാവോടെ നഗ്നപാദരായി യോഹന്നാനെ സമീപിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തോടൊപ്പം യേശുവും കടന്നുവരുന്നു. എളിമയോടെ അനുതാപത്തിൻ്റെ സ്നാനം സ്വീകരിക്കാനണയുന്ന ജനങ്ങളെ ചിത്രീകരിച്ചിരിക്കുന്ന ആ രംഗം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ മുഖവും ശബ്ദവും വെളിപ്പെടുന്നു

യേശുവിലൂടെ തന്നെത്തന്നെ വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ തീരുമാനത്തെക്കുറിച്ച് ധ്യാനിക്കാൻ പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു. കാരണം, യേശുവിലൂടെയാണ് ദൈവത്തെ കണ്ടുമുട്ടാനുള്ള പ്രത്യേകമായ ഒരു തലം മനുഷ്യരാശിക്ക് കൈവന്നത്. ദൈവം യഥാർത്ഥത്തിൽ ആരാണെന്ന് നാം അറിയുന്നത് അവിടുത്തെ പ്രിയപുത്രന്റെ തിരുമുഖ ധ്യാനത്തിലൂടെയാണ്.

യേശുവിന്റെ ജ്ഞാനസ്നാന വേളയിൽ മുഴങ്ങിക്കേട്ട പിതാവിന്റെ സ്വരവും നാം ധ്യാനവിഷയമാക്കണം. മാമോദീസയിലൂടെ ലഭിക്കുന്നതും നമ്മെ പുതിയ മനുഷ്യരായി രൂപാന്തരപ്പെടുത്തുന്നതുമായ ദാനത്തിനായി തീവ്രമായ ആഗ്രഹിക്കണമെന്നുമുള്ള ആഹ്വാനം പാപ്പാ വിശ്വാസികൾക്കു നൽകി.

ജ്ഞാനസ്നാന തീയതി മറന്നുപോകരുത്

ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കണമെന്നാണ് ഇന്നത്തെ തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നത് - മാർപാപ്പ പറഞ്ഞു. എപ്പോഴും നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സ്നേഹം അനുഭവിച്ചറിയാൻ നമുക്കു സാധിക്കുന്നുണ്ടോ? അതോ, അവിടുന്ന് വിദൂരസ്ഥനായ ദൈവമാണ് എന്നാണോ നാം കരുതുന്നത്? അവിടുത്തെ സ്വരത്തിന് നാം കാതോർക്കാറുണ്ടോ? നമ്മുടെ ജ്ഞാനസ്നാന തീയതി നാം ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടോ? ആത്മശോധനയ്ക്കുള്ള ചോദ്യങ്ങൾക്കൊപ്പം പ്രായോഗികമായ ഈ വെല്ലുവിളിയും പാപ്പ മുന്നോട്ടുവച്ചു.

ജ്ഞാനസ്നാന തീയതി ഓർത്തുവയ്ക്കുന്നതിലൂടെ പുതിയ ജീവിതത്തിലേക്കുള്ള നമ്മുടെ വീണ്ടുജനനമാണ് നാം അനുസ്മരിക്കുന്നത്. ക്രിസ്തുവിന്റെയും അവിടുത്തെ സഭയുടെയും രഹസ്യത്തിലേക്ക് നാം ഉൾചേർക്കപ്പെട്ട നിമിഷങ്ങളാണ് മാമോദീസയുടെ നിമിഷങ്ങൾ. അതിനാൽ, ജന്മദിനം പോലെതന്നെ മാമോദീസയുടെ വാർഷികദിനവും ആഘോഷിക്കണമെന്ന് എല്ലാ ക്രിസ്ത്യാനികളോടും പാപ്പാ ആഹ്വാനം ചെയ്തു. കാരണം, ദൈവാത്മാവിൽ നാം ജന്മമെടുത്തത് ആ ദിവസമാണ് - പാപ്പാ പറഞ്ഞു.

'പരിശുദ്ധ കന്യകാമറിയത്തിന് നമ്മെത്തന്നെ ഭരമേൽപ്പിക്കുകയും അവളുടെ മാധ്യസ്ഥ സഹായം തേടുകയും ചെയ്യാം' - ഈ ആഹ്വാനത്തോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.