സോള്‍: പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു പ്രസിഡന്റ് അറസ്റ്റിലാകുന്നത്.
യൂണ്‍ സുക് യോലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അന്വേഷണ ഏജന്‍സിയായ കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അറിയിച്ചു. ഈ മാസം മൂന്നിന് അന്വേഷണ സംഘം അറസ്റ്റിന് ശ്രമിച്ചെങ്കിലും യൂണ്‍ വഴങ്ങിയിരുന്നില്ല. പുലര്‍ച്ചെ നടത്തിയ രണ്ടാം വട്ട ശ്രമത്തിലാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ അന്വേഷണ സംഘം യൂണ്‍ സുക് യോലിനെ കസ്റ്റഡിയിലെടുക്കുന്നത്.
രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണവുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യൂണ്‍ സുക് യോല്‍ പറയുന്നത്. തന്നെ തടങ്കലിലാക്കിയത് നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നതിന്റെ തെളിവാണെന്നും അദേഹം ആരോപിച്ചു. പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂണ്‍ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയ ആരാധകരോട് പറഞ്ഞിരുന്നു. പ്രതിപക്ഷ എതിര്‍പ്പ് മറികടക്കാനായി ഡിസംബര്‍ മൂന്നിനാണ് യൂണ്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. കടുത്ത എതിര്‍പ്പ് മൂലം ആറ് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ യൂണിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. ഭരണഘടനാ കോടതി ഇംപീച്ച്‌മെന്റ് അംഗീകരിച്ചാല്‍ യൂണ്‍ സുക് യോല്‍ അധികാരത്തില്‍ നിന്നും പുറത്താകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.