'ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം; സര്‍ക്കാരിന് കണക്കെടുപ്പ് തുടരാം': വിശദാംശങ്ങള്‍ കക്ഷികള്‍ക്ക് കൈമാറരുതെന്ന് സുപ്രീം കോടതി

'ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം; സര്‍ക്കാരിന് കണക്കെടുപ്പ് തുടരാം': വിശദാംശങ്ങള്‍ കക്ഷികള്‍ക്ക് കൈമാറരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുപ്പ് തടയണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.

എന്നാല്‍ കണക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്ക് മാത്രമേ കൈമാറാവൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വിശദാംശങ്ങള്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്ക് കൈമാറരുത് എന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നിര്‍ദേശം നല്‍കി.

ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളില്‍ എത്ര പേരുണ്ട് എന്ന് പഞ്ചായത്തുതല കണക്കുകള്‍ നല്‍കാന്‍ ഡിസംബറില്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു ഇരു വിഭാഗത്തിന്റെയും നിയന്ത്രണത്തിലുള്ള പള്ളികളുടെ കണക്കുകള്‍ നല്‍കണം എന്നായിരുന്നു നിര്‍ദേശം. ഈ ഉത്തരവ് ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

പള്ളികളുടെ അവകാശം സംബന്ധിച്ച എല്ലാ വിഷയങ്ങളിലും സുപ്രീം കോടതി തീര്‍പ്പാക്കിയതാണെന്നും അതിനാല്‍ പള്ളികളിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ആ വിഷയം വീണ്ടും പരിഗണിക്കരുത് എന്നും ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

മതപരമായ വിഷയത്തില്‍ തങ്ങള്‍ അതീവ ജാഗ്രതയോടെയാണ് സമീപിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ.സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുന്‍ വിധികള്‍ പുനപരിശോധിക്കാന്‍ അല്ല, മറിച്ച് ഇരു വിഭാഗങ്ങളും തമ്മില്‍ ഉള്ള പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തേടിയാണ് കണക്കെടുപ്പിന് നിര്‍ദേശം നല്‍കിയത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

മലങ്കര സഭയുടെ പള്ളികളില്‍ ഇപ്പോള്‍ നടക്കുന്ന കണക്കെടുപ്പ് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കണക്കെടുപ്പില്‍ ക്രമക്കേട് നടക്കുന്നുവെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു.

കണക്കെടുപ്പിലെ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തിയാല്‍ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാരിനോട് അവ മുദ്ര വെച്ച കവറില്‍ കൈമാറാന്‍ നിര്‍ദേശിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയില്‍ ആവശ്യപെട്ടു. ഇതേ തുടര്‍ന്നാണ് കണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ കോടതിക്ക് മാത്രം കൈമാറിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.

മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്ക് എതിരെ എടുത്ത കോടതി അലക്ഷ്യ നടപടിക്ക് എതിരായ ഹര്‍ജിയില്‍ ഈ മാസം 29, 30 തിയതികളില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. അന്ന് ഈ തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേരളത്തിലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന സൂചനയാണ് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ നല്‍കിയത്. പത്ത് ജില്ലകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായി.

നാല് ജില്ലകളില്‍ കണക്കെടുപ്പ് 90 ശതമാനത്തോളം ആയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കണക്കെടുപ്പ് തടയണം എന്ന ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, സ്റ്റാന്റിങ്് കോണ്‍സല്‍ സി.കെ ശശിയും എതിര്‍ത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ക്ക് വോട്ട് ചെയ്യാന്‍ യാക്കോബായ സഭ ആഹ്വാനം ചെയ്തിരുന്നുവെന്നും തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്റെ വിജയത്തിന് ഇത് കാരണമായെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

അതിനാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിന് അനുകൂലമായ നിലപാട് മാത്രമേ സ്വീകരിക്കൂ എന്നും അദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.കെ. വേണുഗോപാല്‍, സി.യു.സിങ്, കൃഷ്ണന്‍ വേണുഗോപാല്‍ എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന.കെ. പൗലോസ് എന്നിവര്‍ ഹാജരായി. യാക്കോബായ വിഭാഗത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍, അഭിഭാഷകരായ പി.കെ. മനോഹര്‍, എ.രഘുനാഥ് എന്നിവര്‍ ഹാജരായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.