ഗോപന്റെ ശ്വാസകോശത്തില്‍ ഭസ്മം കയറിയെന്ന് സംശയം; തലയില്‍ കരിവാളിച്ച പാടുകളെന്ന് ഡോക്ടര്‍മാര്‍: കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും

ഗോപന്റെ ശ്വാസകോശത്തില്‍ ഭസ്മം കയറിയെന്ന് സംശയം; തലയില്‍ കരിവാളിച്ച പാടുകളെന്ന് ഡോക്ടര്‍മാര്‍: കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അതിയന്നൂരിലെ വിവാദ സ്വാമി ഗോപന്റെ ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. അങ്ങനെയെങ്കില്‍ അത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

തലയില്‍ കരിവാളിച്ച പാടുകളുണ്ട്. ജീര്‍ണിച്ച അവസ്ഥ ആയതിനാല്‍ ഇത് കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

രാസ പരിശോധന അടക്കമുള്ള മൂന്ന് റിപ്പോര്‍ട്ടുകള്‍ വന്നാലേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. മരണ കാരണം വ്യക്തമല്ലെന്നാണ് ഫൊറന്‍സിക് ഡോക്ടര്‍മാരും പറയുന്നത്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം.

ശ്വാസകോശത്തിലെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലയില്‍ കരിവാളിച്ച പാടുകള്‍ കാണുന്നുണ്ടെന്നും ഇതില്‍ വ്യക്തത വരാന്‍ ഹിസ്റ്റോ പത്തൊളജി ഫലം വരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും. ആചാരപ്രകാരം വിപുലമായ ചടങ്ങുകളോടെ മഹാസമാധി നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത വിവാദ കല്ലറ പൊലീസ് തുറന്നത്. സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴുമണിയോടെ കല്ലറയുടെ സ്ലാബ് പൊളിച്ചപ്പോള്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയായി.

മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിക്കുകളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണാനില്ല. എന്നാല്‍, ആന്തരികാവയങ്ങളുടെ രാസ പരിശോധനാ ഫലം അടക്കം വന്നാല്‍ മാത്രമേ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂ. തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നാണ് ഗോപന്‍ സ്വാമിയുടെ കുടുംബത്തിന്റെ ആരോപണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.