കൊച്ചി: പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി റിതു ജയന്‍ സ്ഥിരം കുറ്റവാളി. കഞ്ചാവ് അടക്കമുള്ള ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് റിതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
റിതുവിനെതിരെ പൊലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറയുന്നു. റിതുവിന്റെ പേരില്‍ എറണാകുളത്തും തൃശൂരിലും കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതില്‍ രണ്ട് തവണ റിമാന്‍ഡിലായിട്ടുമുണ്ട്.
റൗഡി ലിസ്റ്റിലുണ്ടായിരുന്നയാളാണ് പ്രതിയെങ്കിലും പരാതി പലരും എഴുതി നല്‍കിയിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്. ബംഗളൂരുവില്‍ ജോലി ചെയ്യുന്നതായി പറയുന്ന റിതു രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് റിതു പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
റിതുവിനെതിരെ സമീപവാസികളായ വീട്ടുകാര്‍ അടുത്തയിടെ നല്‍കിയത് അഞ്ച് പരാതികള്‍. സമീപവാസികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറെപ്പേരെ കൊല്ലുമെന്ന് ഇയാള്‍ പരസ്യമായി ഭീഷണിയും മുഴക്കിയിരുന്നു. ഇതെല്ലാം പരാതിയായി കൊല്ലപ്പെട്ട വേണുവിന്റെ കുടുംബമുള്‍പ്പെടെയുള്ളവര്‍ പൊലീസിന് നല്‍കിയതാണ്. ഗത്യന്തരമില്ലാതെയാണ് വേണു വീട്ടില്‍ സി.സി ടി.വി സ്ഥാപിച്ചത്. പക്ഷെ പൊലീസ് നടപടി വൈകിയപ്പോള്‍ ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍ നഷ്ടമാകുകയായിരുന്നു.
പൊലീസ് സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഈ അവസ്ഥ വേണുവിന്റെ കുടുംബത്തിന് വരില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.