കര്‍ണാടകയില്‍ വീണ്ടും ബാങ്ക് കവര്‍ച്ച; ഉള്ളാളില്‍ ആറംഗ സംഘം 12 കോടിയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമായി കടന്നു

കര്‍ണാടകയില്‍ വീണ്ടും ബാങ്ക് കവര്‍ച്ച; ഉള്ളാളില്‍ ആറംഗ സംഘം 12 കോടിയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമായി കടന്നു

മംഗളൂരു: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കര്‍ണാടകയില്‍ വീണ്ടും വന്‍ ബാങ്ക് കവര്‍ച്ച. മംഗളുരു ഉള്ളാളിന് സമീപമുള്ള കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ കെ.സി റോഡ് ശാഖയിലെത്തിയ ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. കറുത്ത ഫിയറ്റ് കാറിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. തോക്കുമായി അഞ്ച് പേര്‍ ബാങ്കിനുള്ളില്‍ കടന്നപ്പോള്‍ ഒരാള്‍ പുറത്ത് കാവല്‍ നിന്നു.

അഞ്ച് ചാക്കുകളിലായാണ് മോഷണ മുതലുമായി ഇവര്‍ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവര്‍ച്ചാ സംഘം കൃത്യം നിര്‍വഹിച്ച് മടങ്ങിയത്.

തോക്കുകളും വാളുകളുമായി അക്രമികള്‍ ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. മൂന്ന് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്‌നീഷ്യനുമയിരുന്നു ബാങ്കില്‍ ഉണ്ടായിരുന്നത്. അക്രമി സംഘം ഇവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഉച്ചയ്ക്ക് ഒന്നരയോടെ ബാങ്കിലെ സിസിടിവി സര്‍വീസ് നടക്കുമ്പോഴാണ് സംഘമെത്തിയത്. സംഭവത്തിന് ശേഷം കവര്‍ച്ചാ സംഘം ചാര നിറത്തിലുള്ള ഫിയറ്റ് കാറില്‍ രക്ഷപ്പെട്ടു.

ഇന്നലെ ബിദറിലും ബാങ്ക് കൊള്ള നടന്നിരുന്നു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ ജീവനക്കാരെ വെടിവച്ചു വീഴ്ത്തി കവര്‍ന്നത്. രണ്ട് പേര്‍ സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.