ബംഗളൂരുവില്‍ യു.എസ്. കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; വിസ നടപടികള്‍ വൈകാതെ തുടങ്ങും

ബംഗളൂരുവില്‍ യു.എസ്. കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; വിസ നടപടികള്‍ വൈകാതെ തുടങ്ങും

ബംഗളൂരു: ബംഗളൂരുവില്‍ യു.എസ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ഏറെ ഉപയോഗപ്രദമാകും.

ചെന്നൈയിലുള്ള കോണ്‍സുലേറ്റിന് പുറമേ ബംഗളൂരുവിലും പുതുതായി കോണ്‍സുലേറ്റ് ആരംഭിച്ചതോടെ മലയാളികള്‍ക്ക് വിസ സംബന്ധമായ കാര്യങ്ങള്‍ക്കായി ഏറെ ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാനാകും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗളൂരുവില്‍ യു.എസ് കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്കയിലേക്ക് പോകുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അമേരിക്കയുമായി ബന്ധം പുലര്‍ത്തുന്ന ദക്ഷിണേന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും ഈ കോണ്‍സുലേറ്റ് ഏറെ സൗകര്യപ്രദമായിരിക്കും.

നിരവധി അമേരിക്കന്‍ കമ്പനികളുള്ള ബംഗളൂരുവില്‍ കോണ്‍സുലേറ്റ് ആരംഭിക്കണമെന്ന 2006 മുതലുള്ള ആവശ്യമാണ് ഫലം കണ്ടത്. ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയുടെ 37 ശതമാനം സംഭാവന ചെയ്യുന്നത് കര്‍ണാടകയാണ്.

വിറ്റല്‍ മല്യ റോഡിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലിലാണ് കോണ്‍സുലേറ്റ് ആരംഭിച്ചത്. പരിമിതമായ ജീവനക്കാരുമായി താല്‍ക്കാലികമായാണ് കോണ്‍സുലേറ്റ് ഇവിടെ പ്രവര്‍ത്തിക്കുക. വൈകാതെ സ്ഥിരം സംവിധാനം ഉണ്ടാകും.

സ്ഥിരം ഓഫീസ് തുറന്ന ശേഷമായിരിക്കും കൂടുതല്‍ ഉദ്യോഗസ്ഥരെത്തുക. കോണ്‍സുലേറ്റില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വരും ആഴ്ചകളില്‍ വ്യക്തമാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.