ന്യൂഡല്‍ഹി: ലൈംഗികാതിക്രമം തെളിയിക്കാന്‍ ഇരയുടെ ശരീരത്തില്‍ ദേഹോപദ്രവത്തിന്റെ പാടുകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ റിഷികേശ് റോയ്, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക നിരീക്ഷണം. ലൈംഗികാതിക്രമങ്ങള്‍ നേരിട്ട ഇരയുടെ ശരീരത്തില്‍ പരിക്കുകള്‍ സംഭവിക്കുമെന്നത് മിഥ്യാധാരണ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗികമായി ഉപദ്രവിക്കപ്പെടുമ്പോള്‍ ഇര ബഹളം വെയ്ക്കുകയോ ഉറക്കെ കരയുകയോ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം ഏകീകൃതമാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ട്രോമകളുണ്ടാക്കുന്ന സന്ദര്‍ഭങ്ങളോട് എല്ലാ ഇരകളുടെയും പ്രതികരണം ഒരു പോലെയാകില്ല.
ഉദാഹരണത്തിന് മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് ഒരാള്‍ പരസ്യമായി കരഞ്ഞേക്കാം. എന്നാല്‍ ഇതേ സാഹചര്യത്തിലുള്ള മറ്റൊരാള്‍ തന്റെ വികാരങ്ങള്‍ പൊതുസ്ഥലത്ത് പ്രകടിപ്പിക്കാതെയും പെരുമാറാം. അതുപോലെ ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ പ്രതികരണം അവളുടെ വ്യക്തിഗത സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടാം. ഇക്കാര്യത്തില്‍ ശരിയായ/അനുയോജ്യമായ പ്രതികരണം ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ലൈംഗിക അതിക്രമക്കേസില്‍ ഇരയുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ നിരീക്ഷണത്തിലാണ് കോടതിയുടെനിര്‍ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.