2025 ലെ ആദ്യ വനിതാ ജയില്‍ പുള്ളി; ഗ്രീഷ്മ ജയിലില്‍ ഒന്നാം നമ്പര്‍ അന്തേവാസി

2025 ലെ ആദ്യ വനിതാ ജയില്‍ പുള്ളി; ഗ്രീഷ്മ ജയിലില്‍ ഒന്നാം നമ്പര്‍ അന്തേവാസി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ 2025 ലെ ആദ്യ വനിത തടവുകാരിയെന്ന് റിപ്പോര്‍ട്ട്. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് നല്‍കിയിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 14-ാം ബ്ലോക്കില്‍ മറ്റ് രണ്ട് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ ജയിലിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ ജയിലില്‍ തന്നെയായിരുന്നു. എന്നാല്‍ സഹതടവുകാരികളുടെ പരാതിയെത്തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

ഗ്രീഷ്മയുടെ വധശിക്ഷയെക്കുറിച്ച് രണ്ട് വാദങ്ങളാണ് ഉയരുകയാണ്. കൊല്ലപ്പെട്ട ഷാരോണ്‍ രാജിന് നീതി ലഭിച്ചെന്ന് ഭൂരിപക്ഷ ശബ്ദം ഉയരുമ്പോള്‍ ഗ്രീഷ്മയെ തൂക്കുകയര്‍ വിധിച്ചതില്‍ മുഖം ചുളിക്കുകയാണ് മറു വശം. മുന്‍ ജസ്റ്റിസ് കെമാല്‍ പാഷയെപ്പോലുള്ളവര്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ മേല്‍ കേടതികളില്‍ നിന്ന് ശിക്ഷ ഇളവ് ചെയ്ത് ലഭിക്കാനുള്ള സാധ്യതയും തെളിയുകയാണ്.

നിലവില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ തടവും പിഴയും കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്നാണ് കോടതി വിലയിരുത്തല്‍. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.