വാഷിങ്ടണ്‍: അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപിന്റെ കുടുംബത്തിനും കുടിയേറ്റ ചരിത്രം. ജര്‍മന്‍ കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായിരുന്നു ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് (1905-1999).
സ്‌കോട്ട്ലന്‍ഡില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ആളായിരുന്നു ട്രംപിന്റെ മാതാവ് മേരി ട്രംപ് (1912-2000). 1930 ല്‍ അമ്പത് ഡോളര്‍ ചിലവഴിച്ച് അമേരിക്കയിലെത്തിയ അവര്‍ ഫ്രെഡിനെ പരിചയപ്പെടുന്നത് വരെ ചെറുകിട ജോലികള്‍ ചെയ്തായിരുന്നു ജീവിച്ചിരുന്നത്.
1936 ലാണ് ഫ്രെഡും മേരിയും വിവാഹിതരാവുന്നത്. മരിയാന്‍, ഫ്രെഡ് ജൂനിയര്‍, എലിസബത്ത്, ഡൊണാള്‍ഡ്, റോബര്‍ട്ട് എന്നിങ്ങനെ അഞ്ച് മക്കളും പിറന്നു.
ദമ്പതികളുടെ നാലാമത്തെ മകനായാണ് 1946 ജൂണ്‍ 14 ന് ഡൊണാള്‍ഡ് ട്രംപ് ജനിക്കുന്നത്. 1968 ല്‍ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കെത്തി. തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
1977 ല്‍ ചെക്ക് മോഡലായ ഇവാന സെല്‍നിക്കോവ വിങ്ക്ല്‍മറെയെ ട്രംപ് വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തില്‍ ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. 1992 ല്‍ ഇവാനയും ട്രംപും വിവാഹമോചിതരായി. 1993 ലാണ് ട്രംപിന്റെ രണ്ടാം വിവാഹം.
അമേരിക്കന്‍ നടി മാര്‍ല മാപ്പിള്‍സിനെ ട്രംപ് വിവാഹം കഴിച്ചു. ഇരുവരുടേയും മകളാണ് ടിഫാനി. എന്നാല്‍ ഈ ദാമ്പത്യവും അധികനാള്‍ നീണ്ടു നിന്നില്ല. 1999 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2005 ല്‍ വിവാഹം ചെയ്ത സ്ലോവേനിയന്‍ മോഡല്‍ മെലാനിയ ട്രംപാണ് ഇപ്പോഴത്തെ ജീവിത പങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്.
നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. അദേഹത്തിന്റെ തൂലികയില്‍ പതിനാലിലധികം ബെസ്റ്റ് സെല്ലറുകള്‍ പിറന്നു. 1987 ല്‍ പുറത്തിറങ്ങിയ അദേഹത്തിന്റെ ആദ്യ പുസ്തകമായ 'ദി ആര്‍ട്ട് ഓഫ് ദി ഡീല്‍' ഒരു ബിസിനസ് ക്ലാസിക് ആണ്.
ട്രംപ്: ദി ആര്‍ട്ട് ഓഫ് ദി കംബാക്ക് (1997), വൈ വി വാണ്ട് യു ടു ബി റിച്ച് (2006), ട്രംപ് 101: ദി വേ ടു സക്സസ് (2006), ട്രംപ് നെവര്‍ ഗിവ് അപ്: ഹൗ ഐ ടേണ്‍ഡ് മൈ ബിഗസ്റ്റ് ചലഞ്ചസ് ഇന്‍ടു സക്സസ് (2008) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.