കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ സിപിഎം ഇക്കുറി പരിഗണിക്കുന്നത് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ. എസ്എഫ്‌ഐ മുന്‍ നേതാവും പുതുപ്പള്ളി സ്വദേശിയുമായ എല്‍ദോ മാത്യൂസിനെ രംഗത്തിറക്കി യുഡിഎഫിന്റെ ഉരുക്കുകോട്ട ഇത്തവണ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.
കഴിഞ്ഞ തവണ 27,092 വോട്ടിനാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. മുന്‍വര്‍ഷത്തേതിനേക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെ രംഗത്തിറക്കിയതോടെ സിപിഎമ്മിന് കഴിഞ്ഞിരുന്നു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം നടത്താനായതും ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തെത്തിയതും ഇടതിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ പുതുപ്പള്ളിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മണ്ഡലത്തില്‍ ആകെയുള്ള എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിനൊപ്പം രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് നിന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ഇവിടെ യുഡിഫിന് തിരിച്ചടിയായി.
ഈ സാഹചര്യത്തിലാണ് എല്‍ദോ മാത്യൂസിനെ കളത്തിലിറക്കാന്‍ ആലോചിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്നു. കോട്ടയം ബസേലിയോസ് കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും നേടിയിട്ടുള്ള എല്‍ദോ മാത്യൂസ് അറിയപ്പെടുന്ന അക്കാദമീഷ്യനാണ്.
ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതാറുള്ള എല്‍ദോ മാത്യൂസ് കേരളാ പ്ലാനിങ് ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റായിരുന്നു. കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായും കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ദക്ഷിണേന്ത്യാ ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യുക്കേഷന്‍ വിഭാഗം തലവനായും എല്‍ദോ മാത്യൂസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1957ല്‍ തുടങ്ങുന്ന പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ മൂന്ന് എംഎല്‍എമാരാണ് നിയമസഭയില്‍ എത്തിയത്. 1957 ലും 1962 ലും കോണ്‍ഗ്രസിന്റെ പി.സി ചെറിയാന്‍ വിജയിച്ചു. 1967 ല്‍ സിപിഎമ്മിലെ ഇ.എം ജോര്‍ജ് വിജയം നേടി. എന്നാല്‍ 1970 ല്‍ യുവ നേതാവായ ഉമ്മന്‍ചാണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് നടന്ന 10 തെരഞ്ഞെടുപ്പിലും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്നറിയപ്പെടുന്ന ഉമ്മന്‍ചാണ്ടിയാണ് ഇവിടെ നിന്നും വിജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.