ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമയും മാധ്യമങ്ങളും ക്രിമിനൽ കുട്ടികളെ വളർത്തുന്നോ? ചിന്താമൃതം

ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമയും മാധ്യമങ്ങളും ക്രിമിനൽ കുട്ടികളെ വളർത്തുന്നോ? ചിന്താമൃതം

പാലക്കാട്ട് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. (വാർത്ത 21-01-2025)

പ്രിൻസിപ്പലിനെ സ്കൂൾ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്ന രംഗം കണ്ട് സ്തബ്ദരായ പലരുടെയും പ്രതികരണങ്ങൾ കണ്ടു. കൂടുതൽ പേരും ആ കുട്ടിയെ കൊന്നുകളയണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഏതായാലും മാതാ പിതാ ഗുരുദൈവം എന്ന ആപ്ത വാക്യം മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ആദരം നൽകാൻ പഠിപ്പിച്ചിരുന്ന ഒരു പാരമ്പര്യത്തിൽ നിന്നുള്ള വ്യതിയാനമായി പലരും ഈ സംഭവത്തെ കാണുന്നു.

ആ കുട്ടിയുടെ പ്രകടനം ഭീകരം തന്നെ, അതിനോട് ഒരു കാരണവശാലും ആരും യോജിക്കില്ല. എന്നാൽ ഈ രീതിയിൽ പ്രതികരിക്കാൻ ആ കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യത്തെക്കുറിച്ച് മനസിലാക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുത്. പല സ്കൂളുകളിലും ഇതിന് സമാനമായ അനുഭവങ്ങൾ ഉണ്ടായ അധ്യാപകർ ഉണ്ട് ( അവർ വീഡിയോ ഷൂട്ട് ചെയ്തില്ല എന്ന വ്യത്യാസം മാത്രം.). അധ്യാപകർക്ക് മാത്രമല്ല ഇതിലും വലിയ ഭീഷണി നേരിടുന്ന നിരവധി മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. എന്തിനേറെ പറയുന്നു മാതാപിതാക്കളെ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന് കൊന്നു കളഞ്ഞ സംഭവങ്ങൾക്കും അടുത്തയിടെ നമ്മുടെ നാട് സാക്ഷ്യം വഹിച്ചു. തനിക്ക് ഇഷ്ടപ്പെട്ട ഐസ് ക്രീം വാങ്ങിക്കൊടുക്കാതിരുന്ന അപ്പനോട് തനിക്കൊന്ന് പോയി ചത്തുകൂടെ എന്ന് തന്റെ യു കെ ജി യിൽ പഠിക്കുന്ന മകൾ ചോദിച്ചതായി ഒരു സുഹൃത്ത് പങ്ക് വച്ചപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാനായില്ല.

മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും സ്വാധീനം, അന്യ സംസ്ഥാന തൊഴിലാളികളുടെ സ്വാധീനം, ഇതിനൊക്കെ ഉപരിയായി മലയാള സിനിമ യുവാക്കൾക്ക് മുൻപിലേക്ക് വയ്ക്കുന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളും നമ്മുടെ യുവജനങ്ങളെയും കുട്ടികളെയും വഴി തെറ്റിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

നാട്ടിൻപുറങ്ങളുടെ നന്മയും, പരിശുദ്ധ പ്രണയവും, കുടുംബ ബന്ധങ്ങളും, നിർദോഷമായ ഫലിതങ്ങളുമൊക്കെ പ്രമേയമാക്കി ധാരാളം സിനിമകൾ പുറത്തിറങ്ങിയിരുന്ന, കേരളത്തിൽ അക്രമ വാസനയെ പ്രോത്സാഹിപ്പിക്കുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലർ സിനിമകൾ മാത്രമാണ് ഏതാനും നാളായിട്ട് നമുക്ക് കാണാൻ സാധിക്കുക.

പൊലീസുകാരെ ഗുണ്ടകൾ തല്ലുമ്പോഴും, അധ്യാപകരെ കുട്ടികൾ അക്രമിക്കുമ്പോഴും, മാതാപിതാക്കൾക്കെതിരെ തട്ടുപൊളിപ്പൻ ഡയലോഗ് പറയുമ്പോഴും, തന്റെ ലൈംഗികാഗ്രഹത്തിന് വഴങ്ങാത്ത പെണ്ണിനും കുടുംബത്തിനും പണി കൊടുക്കുമ്പോഴുമൊക്കെ നാം കുട്ടികൾക്കൊപ്പമിരുന്നു കൈയടിച്ചിട്ടുണ്ടെങ്കിൽ അവരെ ക്രിമിനലുകളാക്കി വളർത്തുന്നതിലെ ഒന്നാം പ്രതി നാം തന്നെ. ക്രിമിനൽ സംഭവങ്ങൾക്ക് ഒരു വാർത്തയ്ക്കപ്പുറം പ്രാധാന്യം കൊടുത്ത് ലൈവ് ആയും, സംവാദമായും കൊഴുപ്പിക്കുന്ന മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ കുറ്റവാളികൾക്ക് ഒരു ഹീറോ പരിവേഷം നല്കുന്നുണ്ട് എന്നത് വ്യക്തമാണ്..

സംസ്കാര സമ്പന്നരായ, ഉള്ളിൽ നന്മ വളർത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മാതാപിതാക്കൾക്കും, അധ്യാപകർക്കും മാധ്യമങ്ങൾക്കും, രാഷ്ട്രീയ പ്രവർത്തകർക്കും, കലാസാഹിത്യ പ്രതിഭകൾക്കും, സിനിമക്കാർക്കും, ജാതി മത സമുദായ സംഘടനകൾക്കും വലിയ പങ്കുണ്ട് എന്ന കാര്യം നാം മറക്കരുത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.