ബ്രൂവറി ഡിസ്റ്റിലറി വിനാശകരമായ തീരുമാനം; സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

ബ്രൂവറി ഡിസ്റ്റിലറി വിനാശകരമായ തീരുമാനം; സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

'29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റ് തരത്തിലുള്ള മദ്യശാലകളും സര്‍ക്കാര്‍ തുറന്നു കൊടുത്തു'.

കൊച്ചി. പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്.

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സമരജ്വാല' സമര പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയോട് അല്‍പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. മദ്യം കേരളത്തില്‍ ഗുരുതര സാമൂഹ്യ വിപത്തായി മാറിയെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും ഇടതുപക്ഷ മുന്നണി സ്വീകരിക്കുക എന്നാണ് നിങ്ങള്‍ നേരത്തേ പറഞ്ഞിരുന്നത്.

എന്നാല്‍ ആ നിലപാടിന് കടക വിരുദ്ധമായി 29 ബാറുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റ് തരത്തിലുള്ള മദ്യശാലകളും തുറന്നു കൊടുത്തു. സര്‍വനാശത്തിനായി ഇപ്പോഴിതാ ബ്രൂവറി ഡിസ്റ്റിലറിക്കും അനുമതി നല്‍കി.

സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യം വ്യാപകമാക്കുമ്പോള്‍ തന്നെ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളെ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിര്‍വ്വീര്യമാക്കി. 2017 ല്‍ പഞ്ചായത്തി രാജ്-നഗരപാലിക 232, 447 വകുപ്പുകള്‍ എടുത്തു കളഞ്ഞ് ഈ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി.

ഈ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് മദ്യവിരുദ്ധ സമിതി കടക്കുമെന്ന് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മുന്നറിയിപ്പ് നല്‍കി.

ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഏകോപന സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോസഫ് ഷെറിന്‍, ജെയിംസ് കൊറമ്പേല്‍, സി.എക്സ്. ബോണി, ഷൈബി പാപ്പച്ചന്‍, കുരുവിള മാത്യുസ്, ടി.എം. വര്‍ഗീസ്, ജെസി ഷാജി, കെ.കെ. വാമലോചനന്‍, എം.എല്‍. ജോസഫ്, എം.ഡി. റാഫേല്‍, അലക്സ് മുല്ലാപറമ്പന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, രാധാകൃഷ്ണന്‍ കാട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.