കണ്ണീരോടെ രാധയ്ക്ക് വിട: മൃതദേഹം സംസ്‌കരിച്ചു; കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു, മാനന്തവാടിയില്‍ ഹര്‍ത്താല്‍

കണ്ണീരോടെ രാധയ്ക്ക് വിട: മൃതദേഹം സംസ്‌കരിച്ചു; കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു, മാനന്തവാടിയില്‍ ഹര്‍ത്താല്‍

മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. നാട്ടുകാരായ നിരവധി പേര്‍ രാധയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി.

മന്ത്രി ഒ.ആര്‍ കേളു അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

വനം വകുപ്പിന്റെ താല്‍കാലിക വാച്ചര്‍ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ.

രാവിലെ എട്ട് മണിയോടെയാണ് അച്ചപ്പന്‍ സ്‌കൂട്ടറില്‍ കൊണ്ടാക്കിയത്. വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘമാണ് പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ മാറി വനത്തിലായിരുന്നു മൃതദേഹം.

അതേസമയം, നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കടുവയെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സ്ഥലത്തെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടിയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.