ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. റാണയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം അമേരിക്കന്‍ സുപ്രീം കോടതി അംഗീകരിച്ചു.
ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ പുനപരിശോധന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്.
എന്നാല്‍ സുപ്രീം കോടതിയും ഹര്‍ജി തള്ളിയതോടെ റാണയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറിയേക്കും. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയാണ് പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണ.
ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി നിരവധി ഫെഡറല്‍ കോടതികള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്. നവംബര്‍ 13 നാണ് റാണ യു.എസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം, ജനുവരി 21 നാണ് സുപ്രീം കോടതി റാണയുടെ ഹര്‍ജി തള്ളിയത്.
അറുപത്തിനാലുകാരനായ തഹാവൂര്‍ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ്. നേരത്തെ ഹര്‍ജി തള്ളണമെന്ന് യു.എസ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
ഡിസംബര്‍ 16 ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഫയലിങില്‍ യു.എസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് ബി പ്രെലോഗര്‍ ആണ് ഇന്ത്യയ്ക്ക് അനുകൂലമായി വാദിച്ചത്.
മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി റാണയ്ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.