ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡില്‍ തിരിതെളിയും. ഡെറാഡൂണ്‍ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകുന്നേരം ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍ ദീപശിഖ കൈമാറുന്നതോടെ ദേശീയ ഗെയിംസിന് തുടക്കമാകും. തുടര്‍ന്ന് ഉത്തരാഖണ്ഡിന്റെ സാംസ്‌കാരിക ചരിത്രം പറയുന്ന കലാപരിപാടികള്‍ നടക്കും. കളരിപ്പയറ്റ് ഉള്‍പ്പടെ പ്രദര്‍ശന പരിപാടിയിലുണ്ടാകും. റായ്പൂരിലുള്ള മഹാറാണാ പ്രതാപ് സ്‌പോര്‍ട്സ് കോളജ് സ്റ്റേഡിയമാണ് ദേശീയ ഗെയിംസിന്റെ പ്രധാന വേദി. ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍, മുന്‍ നീന്തല്‍ താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യന്‍ സേവ്യര്‍ കേരള ടീമിനെ നയിക്കും. ബാസ്‌കറ്റ് ബോള്‍ താരം ജീന സ്‌കറിയ പതാകയേന്തും.
അതേസമയം ഉത്തരാഖണ്ഡില്‍ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഒമ്പത് ഡിഗ്രിയാണ് രണ്ട് ദിവസമായി സംസ്ഥാനത്തെ താപനില. കൊടും തണുപ്പിനെ ഭേദിച്ചാകും ഉത്തരാഖണ്ഡില്‍ കായിക താരങ്ങള്‍ മാറ്റുരയ്ക്കുക. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നാണെങ്കിലും മത്സരങ്ങള്‍ 26 ന് തുടങ്ങിയിരുന്നു. കേരളത്തിന്റെ താരങ്ങളായ ഹരിപ്രിയ എസ്., സാന്ദ്രജ, കെ. മുഹമ്മദ് റോഷന്‍, ശ്രീദത്ത് സുധീര്‍ ഉള്‍പ്പടെ പങ്കെടുത്ത ട്രയാത്ലണ്‍ മത്സരം കഴിഞ്ഞ ദിവസം നടന്നു. ട്രയാത്ലണില്‍ മഹാരാഷ്ട്രയാണ് മെഡലുകള്‍ നേടിയത്. സാധാരണയായി പുലര്‍ച്ചെ നടത്താറുള്ള ട്രയാത്ലന്‍ മത്സരങ്ങള്‍ അതിശൈത്യം മൂലം രാവിലെ 11 നാണ് നടന്നത്.
രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ ഉള്‍പ്പെടെ 35 ഇനങ്ങളാണ് ദേശീയ ഗെയിംസില്‍ ഉണ്ടാവുക. കേരളം ഉള്‍പ്പെടെ 37 ടീമുകളില്‍ നിന്നായി പതിനായിരത്തിലധികം മത്സരാര്‍ഥികള്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തും. കേരളത്തില്‍ നിന്ന് ഇത്തവണ 437 കായിക താരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണത്തെ ദേശീയ ഗെയിംസ് ഗോവയിലാണ് അരങ്ങേറിയത്. മഹാരാഷ്ട്രയാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാര്‍. കേരളം അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.