ചെന്നൈയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി: ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ചെന്നൈയെ  തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി: ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ചെന്നൈ: പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്.

ജീസസ് ഹിമനെസ്, കൊറോ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ചെന്നൈയിന്റെ ആശ്വാസ ഗോള്‍ വിന്‍സി ബരറ്റോ കളിയുടെ അവസാന ഘട്ടത്തില്‍ വലയിലാക്കി.

കളിയുടെ മൂന്നാം മിനിറ്റിലാണ് ജീസസ് ഹിമെനസിന്റെ ഗോള്‍ പിറന്നത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കേ വിങ്ങര്‍ കൊറോ സിങും രണ്ടാം പകുതിയില്‍ ക്വാമി പെപ്രയും ഗോളുകള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു.

മത്സരത്തിന്റെ അധിക സമയത്താണ് വിന്‍സി ബറേറ്റോ ചെന്നയിന്റെ ആശ്വാസ ഗോള്‍ നേടിയത്. ചെന്നൈയിന്‍ എഫ്‌സിക്കെതിരേ അവരുടെ തട്ടകത്തില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.

മത്സരം ആരംഭിച്ച് രണ്ട് മിനിറ്റും ആറ് സെക്കന്‍ഡുകളും മാത്രമായപ്പോള്‍തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്തു. ചെന്നൈയില്‍ തടിച്ചുകൂടിയ ആരാധകരെയൊന്നാകെ നിശ്ശബ്ദമാക്കിക്കൊണ്ട് ഹിമെനസ് മനോഹരമായ ഒരു നീക്കത്തിലൂടെ പന്ത് ചെന്നൈ വലയിലെത്തിക്കുകയായിരുന്നു.

ഹിമെനസിന്റെ ഷോട്ട് പ്രതിരോധിക്കാന്‍ ചെന്നൈ ഗോള്‍ക്കീപ്പര്‍ നവാസിന് സാധിക്കുമായിരുന്നില്ല. ചെന്നൈയുടെ പ്രതിരോധപ്പിഴവ് ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി മുതലെടുക്കുകയായിരുന്നു.

ആദ്യ പകുതിയിലെ അധിക സമയത്തെ മൂന്നാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. ചെന്നൈ ബോക്സില്‍ അഞ്ച് താരങ്ങള്‍ നിലയുറപ്പിച്ചിരിക്കേയാണ് കൊറോ സിങിന്റെ ഗോള്‍ പിറന്നത്.

ക്വാമി പെപ്ര ഒരു ഷോട്ട് ഉതിര്‍ക്കുന്നതിനു പകരം പന്ത് അഡ്രിയാന്‍ ലൂണയ്ക്ക് കൈമാറുകയായിരുന്നു. ലൂണ പന്ത് കൊറോ സിങിനും കൈമാറി. കൊറോ പന്ത് നേരെ ബോക്സിന്റെ ഇടതു മൂലയിലേക്ക് അടിച്ചു കയറ്റി.

രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് വക മൂന്നാം ഗോള്‍ പിറന്നത്. 56-ാം മിനിറ്റില്‍ കേരളത്തിന്റെ ഇടതു വിങ്ങിലൂടെയുള്ള മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു.

ലൂണ നല്‍കിയ പാസ് ഘാന താരം ക്വാമി പെപ്രെ ഒരു പിഴവും വരുത്താതെ ചെന്നൈ വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ആധിപത്യം പുലര്‍ത്തി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ വിന്‍സിയിലൂടെ ചെന്നൈയിന്‍ അവരുടെ ആദ്യ ഗോള്‍ നേടി 3-1 എന്ന നിലയിലെത്തി.

അതിനിടെ 36-ാം മിനിറ്റില്‍ ചെന്നൈ മുന്നേറ്റ താരം വില്‍മര്‍ ജോര്‍ദന് റെഡ് കാര്‍ഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്സ് താരം ഡ്രിന്‍സിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തിയത്. ഇതോടെ പത്ത് പേരുമായാണ് ചെന്നൈ പിന്നീട് കളിച്ചത്.

ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവില്ലെന്ന അവസ്ഥയായിരുന്നു. അതിനാല്‍ തന്നെ വളരെ ഒത്തിണക്കത്തോടെയുള്ള നീക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.