ന്യുനപക്ഷ വിരുദ്ധ സമീപനം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

ന്യുനപക്ഷ വിരുദ്ധ സമീപനം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നേര്‍പകുതിയാക്കി ചുരുക്കിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കടുത്ത ന്യുനപക്ഷ വിരുദ്ധ സമീപനമാണ് കാണിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം. ഈ മാസം 15 നാണ് അമ്പത് ശതമാനം വെട്ടിക്കുറച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്.

പല കുട്ടികളുടെയും പഠനം പോലും മുടങ്ങുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ ഇരുട്ടടിയാണിത്. പഠനം മുടങ്ങുമെന്ന ആശങ്കയില്‍ നിരവധി വിദ്യര്‍ത്ഥികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. ന്യൂനപക്ഷങ്ങളോടുള്ള ഇടതു സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെറും വാചകമടിയായി മാറി. സ്വപ്നങ്ങള്‍ വിറ്റ് വിജയം നേടിയവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കില്‍ കുറച്ച് ആത്മാര്‍ഥതയെങ്കിലും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളോട് കാണിക്കണം. ന്യൂനപക്ഷങ്ങളോടുള്ള ഇത്തരം സമീപനങ്ങള്‍ വിജയിക്കില്ല എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ഇതിന് വലിയ വില തന്നെ കൊടുക്കേണ്ടി വരും.

ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ചരിത്രവും അവരുടെ അവകാശങ്ങളും വെട്ടിമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണം ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാരാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് തുക വെട്ടി കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. 50 ശതമാനം വെട്ടിക്കുറച്ച തുകയില്‍ നിന്ന് പോലും നല്‍കിയിരിക്കുന്നത് വെറും 2.69 ശതമാനം ആണെന്ന് പ്ലാനിങ് ബോര്‍ഡ് രേഖകള്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ധനവകുപ്പ്, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകുല്യം വെട്ടിക്കുറച്ചതും തടഞ്ഞുവെച്ചിരിക്കുന്നതും. 87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 2024-25 ലെ പദ്ധതിയില്‍ വകയിരുത്തിയിരുന്നെങ്കിലും സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ചെലവഴിച്ചത് കേവലം 1.39 ശതമാനം തുക മാത്രം. സി.എ/ഐ.സി.ഡബ്ല്യു.എ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് 97 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും അല്‍മായ ഫോറം കുറ്റപ്പെടുത്തി.

മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് അനുവദിച്ച 82 ലക്ഷം രൂപയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കരിയര്‍ ഗൈഡന്‍സിന് 1.20 കോടി, നൈപുണ്യ പരിശീലനത്തിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് 20 കോടി, നഴ്‌സിങ്-പാരാ മെഡിക്കല്‍ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തട ഞ്ഞ് വച്ചത് എന്തിനെന്ന് അന്വേഷിക്കണം. ധൂര്‍ത്തും മേളകളും ഹെലികോപ്റ്റര്‍ യാത്രയും നടത്തി കോടികള്‍ പൊടിപൊടിക്കുന്ന ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തടഞ്ഞുവെച്ചതും വെട്ടിക്കുറച്ചതും എന്തിനെന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്.

സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ഫണ്ടില്‍ നിന്ന് കാറുകള്‍ വാങ്ങാനും മറ്റുമായി ഫണ്ട് വകമാറ്റിയത് ആറ് മാസം മുന്‍പേ സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടും സാമ്പത്തിക പരാധീനത കാരണം പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതികളാണ് സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാട് മൂലം ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഇത്തരം തുഗ്ലക്ക് മോഡല്‍ ഫണ്ട് വെട്ടികുറയ്ക്കലുകളില്‍ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.