തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്തവരുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം.
ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 90 ശതമാനവും ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് സൂചന. ഇതില്‍ പല കേസുകളിലെയും പ്രതികള്‍ ജാമ്യം നേടിയിട്ടുണ്ട്. അതേസമയം, പൊലീസുകാരെ അക്രമിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ നശിപ്പിക്കുക അടക്കമുള്ള ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല.
ശബരിമല, സി.എ.എ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അധികാരത്തില്‍ വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു.
ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു. ശബരിമല പ്രക്ഷോഭ കേസുകള്‍ റദ്ദാക്കണമെന്ന് ബി.ജെ.പിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സ്വാഗതം ചെയ്തു. ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.എസ്.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സി.എ.എ കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്ന് ആരോപിച്ച് 46 രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കള്‍ക്കെതിരെ അടുത്ത ദിവസം കേരള പൊലീസ് കേസെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.