ന്യൂഡല്‍ഹി: 2025 ലെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. ഇത് ബുള്ളറ്റ് കൊണ്ടുണ്ടായ മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് നല്‍കിയതുപോലെ ആണെന്ന് പറയാമെന്നും സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നൂതനമായ പരിഹാരങ്ങളില്ലെന്നും അദേഹം കുറ്റപ്പെടുത്തി. 
2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയത്. 
'ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ഒരു ബാന്‍ഡ് എയ്ഡ്! ആഗോള അനിശ്ചിതത്വത്തിനിടയില്‍ നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യപ്പെടുന്നു. എന്നാല്‍ ഈ സര്‍ക്കാരിന് ആശയങ്ങളുടെ പാപ്പരത്തമാണ്.'- എക്സിലെ പോസ്റ്റില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പ്രധാന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് അദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ദശകത്തില്‍ 54.18 ലക്ഷം കോടി ആദായനികുതി പിരിച്ചെടുത്ത സര്‍ക്കാര്‍ ഇടത്തരക്കാര്‍ക്ക് ചെറിയ നികുതി ഇളവ് വാഗ്ദാനം ചെയ്തതായും അദേഹം ആരോപിച്ചു.
12 ലക്ഷം രൂപ വരെയുള്ള ഇളവ് പ്രതിവര്‍ഷം 80,000 രൂപ ലാഭിക്കുമെന്ന് ധനമന്ത്രി തന്നെ അവകാശപ്പെടുന്നു. അതായത് പ്രതിമാസം വെറും 6666 രൂപ. അതേസമയം രാജ്യം മുഴുവന്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൊണ്ട് പൊറുതിമുട്ടുകയാണ്. എന്നാല്‍ മോഡി സര്‍ക്കാര്‍ തെറ്റായ പ്രശംസ തേടുന്ന തിരക്കിലാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ എന്നിവര്‍ക്കായി ബജറ്റില്‍ കൃത്യമായ നടപടികള്‍ ഇല്ലെന്നും അദേഹം കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു ചുവടുവെപ്പ് മോഡിജി വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മാര്‍ഗരേഖയില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവില്ല. ആരോഗ്യം, വിദ്യാഭ്യാസം, ദളിത്, ആദിവാസി, പിന്നോക്കക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്ക് പദ്ധതികളില്ല. , പാവപ്പെട്ട ന്യൂനപക്ഷ കുട്ടികള്‍ എന്ത് ചെയ്യുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ ഉപഭോഗം കുറയുന്നതിനോ ഉള്ള പരിഷ്‌കാരങ്ങളുടെ അഭാവവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ അദേഹം വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി തള്ളിക്കളഞ്ഞു. മൊത്തത്തില്‍ ഈ ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ മറ്റൊരു ശ്രമം മാത്രമാണെന്നും അദേഹം തുറന്നടിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.