ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെ എഎപിയ്ക്ക് തിരിച്ചടി. പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദല്‍ ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ (ആര്‍ദര്‍ശ് നഗര്‍), ഭാവ്ന ഗൗഡ് (പലാം), ഭൂപീന്ദര്‍ സിങ് ജൂണ്‍ (ബിജ്വാസന്‍), ഗിരിഷ് സോണി (മദിപുര്‍) എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും അഞ്ച് ദിവസത്തിനിടെ രാജിവച്ചത്. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹി തിരഞ്ഞെടുപ്പ്.
ഇവര്‍ക്കൊപ്പം മുന്‍ എഎപി എംഎല്‍എ വിജേന്ദര്‍ ഗാര്‍ഗ് അടക്കമുള്ള മുന്‍ അംഗങ്ങളും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഡല്‍ഹി ബിജെപിയുടെ ചുമതലയുള്ള ബൈജയന്ത് പാണ്ഡ, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് മുന്‍ എഎപി അംഗങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
അഴിമതി ആരോപിച്ചാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിച്ചതായും രാജിവച്ചവര്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.