കപ്പില്‍ മുത്തമിട്ട് പെണ്‍പട: അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; മലയാളി സാന്നിധ്യമായി വി.ജെ ജോഷിത

കപ്പില്‍ മുത്തമിട്ട് പെണ്‍പട: അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; മലയാളി സാന്നിധ്യമായി വി.ജെ ജോഷിത

ക്വലാലംപൂര്‍: തുടര്‍ച്ചയായ രണ്ടാം തവണയും അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ. ക്വാലാലംപൂരിലെ ബയുമാസ് ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ അനായാസം കപ്പടിച്ചത്. 82 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ മറികടന്നു.

ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ആറ് വിക്കറ്റുകള്‍ നേടിയ വിജെ ജോഷിതയും ലോകകപ്പ് ടീമിലെ മലയാളി സാന്നിധ്യമായി.

ഇന്ത്യയ്ക്കായി ഓള്‍റൗണ്ട് പ്രകടനത്തിലൂടെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും പിന്നീട് 44 റണ്‍സുമായി പുറത്താകാതെ മത്സരം പൂര്‍ത്തിയാക്കുകയും ചെയ്ത തൃഷഗോംഗഡി കളിയിലെയും പരമ്പരയിലെയും താരമായി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ ബൗളിങ് നിര 82 റണ്‍സിന് എറിഞ്ഞുവീഴ്ത്തി. പവര്‍പ്ലേ തീരുന്നതിന് മുന്‍പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 16 റണ്‍സെടുത്ത ജെമ്മ ബൊത്തെ, 23 റണ്‍സെടുത്ത മീകെ വാന്‍ വൂസ്റ്റ് എന്നിവരാണ് സ്‌കോര്‍ 80 കടത്തിയത്. തൃഷ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പരുണിക സിസോദിയ, വൈഷ്ണവി, ആയുഷി ശുക്ല എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഷബ്‌നം ഷക്കില്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഒന്നാംവിക്കറ്റില്‍ 32 റണ്‍സ് ചേര്‍ത്ത് കമാലിനി (8) മടങ്ങി. പിന്നീട് തൃഷ-ചാല്‍കെ സഖ്യം ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചു. തൃഷ 44 (33) റണ്‍സും സനിക ചാല്‍കെ 26 (22) റണ്‍സും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.