കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടയിലെ ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങളില്‍ സഭാ നേതൃത്വം നടപടികളാരംഭിച്ചു.
ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്‍ണ രൂപം:
കാക്കനാട്: ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണ്.
പ്രസാദഗിരി പള്ളിയില്‍ വയോധികനായ ഫാ. ജോണ്‍ തോട്ടുപുറത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ അള്‍ത്താരയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേര്‍ ചേര്‍ന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികള്‍ക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു.
സാമാന്യ ബോധമുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന കാര്‍മികനെ ബലപ്രയോഗത്തിലൂടെ തള്ളി വീഴ്ത്തുകയും, അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികള്‍ സ്വന്തമാക്കിയത്?
സഭയെ അനുസരിക്കാന്‍ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിര്‍വീര്യമാക്കാനും ശ്രമിക്കുമ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്: ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടേയുമാണ് അനേകം വൈദികരെ ഇവര്‍ സ്വാധീനിക്കുന്നത്.
അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാല്‍ കുറേയേറെ വൈദികര്‍ സഭയെ അനുസരിക്കാന്‍ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവക പള്ളിയില്‍ നടന്നത്.
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാന പാലകരായ പോലീസിനെ ഭീഷണികളിലൂടെ നിര്‍വീര്യമാക്കുകയും ചെയ്ത് അതിരൂപതയില്‍ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോര്‍ക്കണം.
സമാധാനപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍ അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കലാപകാരികളുടെമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആര്‍.ഒ., സീറോമലബാര്‍സഭ &
സെക്രട്ടറി, മീഡിയ കമ്മീഷന്‍
ഫെബ്രുവരി 3, 2025
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.