'പ്രസാദഗിരി പള്ളിയില്‍ നടന്ന അക്രമം വേദനാജനകം': മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി

'പ്രസാദഗിരി പള്ളിയില്‍ നടന്ന അക്രമം വേദനാജനകം': മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഫെബ്രുവരി ഒന്നിന് ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന പ്രീസ്റ്റ്-ഇന്‍-ചാര്‍ജ് ഫാ.ജോണ്‍ തോട്ടുപുറത്തിനെതിരെ നടന്ന അക്രമം അത്യന്തം വേദനാജനകവും അപലപനീയവുമാണെന്ന് അതിരൂപതാധ്യക്ഷനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും പറഞ്ഞു.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന് നേരേ നടന്ന അതിക്രമം പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റാണ്.

സാമാന്യ മര്യാദയുടെയും അടിസ്ഥാന ക്രൈസ്തവ ജീവിത ശൈലിയുടെയും എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ച് മദ്ബഹയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയത് വിശ്വാസ സമൂഹത്തെ മാത്രമല്ല, പൊതുസമൂഹത്തിലും അമ്പരപ്പ് ഉളവാക്കി. ഈ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കാനന്‍ നിയമവും രാജ്യത്തിന്റെ നിയമവും അനുശാസിക്കുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇനിയെങ്കിലും ഭിന്നതയുടെയും കലഹത്തിന്റെയും പാതയില്‍ നിന്ന് മാറി ഐക്യത്തിന്റെയും അനുസരണത്തിന്റെയും അനുരഞ്ജനത്തിന്റെയും വഴി തിരഞ്ഞെടുക്കാന്‍ മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജേസഫ് പാംപ്ലാനിയും അതിരൂപതയിലെ വൈദികരോടും അല്‍മായ വിശ്വാസികളോടും ആഹ്വാനം ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.