ന്യൂഡല്‍ഹി: പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തില്‍ പിണറായി വിജയന് ഇളവ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്.
എഴുപത്തഞ്ച് വയസ് പിന്നിട്ട പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയായതിനാലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാരാട്ട്.
പാര്‍ട്ടി കമ്മിറ്റികളിലെ പ്രായപരിധിയില്‍ ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം ശക്തമായി തുടരും. തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ പരമാവധി വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കും. ഇതര മതനിരപേക്ഷ കക്ഷികളുമായുള്ള നിലപാട് ഇതിന്റെ അടിസ്ഥാനത്തിലാകുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല, മറിച്ച് സഹകരണമാകാം. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിശാലമായ വിധത്തില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചു നിര്‍ത്താനും കഴിയണം. രാഷ്ട്രീയ സഹകരണം ഇന്ത്യാ സഖ്യത്തില്‍ മാത്രം ഒതുങ്ങണമെന്നില്ല. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.