‘സുരക്ഷിതമല്ല’ കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി; വൈറ്റിലയിൽ സൈനികരുടെ ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിക്കും

‘സുരക്ഷിതമല്ല’ കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി; വൈറ്റിലയിൽ സൈനികരുടെ ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിക്കും

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്‌ളാറ്റ് പൊളിക്കാൻ കോടതി ഉത്തരവ്. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും പുതിയ ഫ്‌ളാറ്റുകളുടെ നിർമാണം പൂർത്തിയാകും വരെ 21,000 മുതൽ 23,000 വരെ രൂപ മാസ വാടക നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഫ്‌ളാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്‌ളാറ്റ് നിർമ്മിച്ചത്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.

രണ്ട് ടവറുകൾ പൊളിച്ച് നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് കോടതി നിർദേശം നൽകി. ഫ്‌ളാറ്റുകൾ പൊളിച്ച് നിൽക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്‌ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമിക്കുന്ന ഫ്‌ളാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ മരട് നഗരസഭാ പരിധിയിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ സുപ്രീം കോടി ഉത്തരവ് പ്രകാരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ നേരത്തെ പൊളിച്ച് നീക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.