തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ ഇന്ന് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു എന്ന് നിര്‍മാതാക്കള്‍ പറയുന്നു. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്ന് മുതല്‍ സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിര്‍ത്തി വെക്കും എന്നാണ് സംഘടനകളുടെ നിലപാട്.
പുതിയ നടീനടന്മാര്‍ പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത് എന്നും ഇത് താങ്ങാനാകുന്നില്ല എന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. പ്രതിഫലത്തിന് പുറമേ അഭിനേതാക്കള്‍ക്ക് ജിഎസ്ടിയും നല്‍കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമെയാണ് സര്‍ക്കാര്‍ വിനോദ നികുതിയും പിരിക്കുന്നത്.
പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അഭിനേതാക്കള്‍ക്ക് ഡബ്ബിംഗിന് മുന്‍പ് പ്രതിഫലം നല്‍കണം എന്ന വ്യവസ്ഥ മാറ്റി റിലീസിന് മുന്‍പ് മുഴുവന്‍ പ്രതിഫലവും കൊടുക്കണം എന്നാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ താര സംഘടന മറുപടി നല്‍കിയിട്ടില്ല.
മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണ് എന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞു. പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണ് എന്നും കഴിഞ്ഞ മാസം മാത്രം 110 കോടി രൂപയാണ് നഷ്ടം സംഭവിച്ചത് എന്നും അദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത്. ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല.
കഴിഞ്ഞ വര്‍ഷം 200 സിനിമകള്‍ ഇറങ്ങിയതില്‍ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. വിജയ ശതമാനം വെറും 12 ആണ്. 176 സിനിമകള്‍ ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു. അതുണ്ടാക്കിയ നഷ്ടം 650 മുതല്‍ 750 കോടി രൂപയ്ക്ക് ഇടയിലാണ് എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.