തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി

 തമിഴ്‌നാട്ടിലും പുതുച്ചേരിയിലും  സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക്  ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന നിലപാടിലാണ് ഡിഎംകെ. എന്നാല്‍ സഖ്യം തുടരാനുള്ള സാധ്യതയും തേടും.

കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയെയും ഉമ്മന്‍ ചാണ്ടിക്കൊപ്പം ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുണ്ടാക്കിയ വിശാല സഖ്യം കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്തിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു വിജയം ഡിഎംകെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. സീറ്റ് വിഭജനത്തില്‍ ഡിഎംകെയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച ഉണ്ടാകുമോ എന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.

മുപ്പത് സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഡിഎംകെയുമായുള്ള ചര്‍ച്ചക്ക് മുന്‍പ് ഉമ്മന്‍ ചാണ്ടിയും സുര്‍ജേവാലയും ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്ത് മണ്ഡലങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. പുതിയ ചുമതല ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്താനല്ലെന്ന് എഐസിസി വ്യക്തമാക്കി. സീറ്റു വിഭജനത്തിനുള്ള താല്‍ക്കാലിക ചുമതല മാത്രമാണിത്. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നും ഹൈക്കമാന്റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.