ധാര്‍മികമായി മാത്രമല്ല, നിയമപരമായും പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥര്‍: ഹൈക്കോടതി

ധാര്‍മികമായി മാത്രമല്ല, നിയമപരമായും പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥര്‍: ഹൈക്കോടതി

കൊച്ചി: മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തിയ പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിതെന്ന് കോടതി ഓര്‍മിപ്പിച്ചു.

വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്. വിശുദ്ധ ഗ്രന്ഥങ്ങളടക്കം ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

മാതാപിതാക്കളോട് കരുണ കാട്ടണമെന്നാണ് ബൈബിളും ഖുര്‍ആനും പഠിപ്പിക്കുന്നത്. വേദോപനിഷത്തുകളിലടക്കം പിതാവ് ഈശ്വരന് തുല്യമെന്നാണ് പറയുന്നത്. വയോധികരായ അച്ഛനും അമ്മയ്ക്കും ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തിക സഹായം നല്‍കുന്നത് മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ആദ്യ വിവാഹത്തിലുണ്ടായ മൂന്ന് ആണ്‍ മക്കളില്‍ നിന്ന് സഹായം തേടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍ നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013 ല്‍ ആദ്യ ഭാര്യയെ തലാഖ് ചൊല്ലിയ ഇദേഹം രണ്ടാം ഭാര്യക്കൊപ്പമാണ് കഴിയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.