മോഡിയെ കാത്തിരിക്കുന്നത് ട്രംപിനുണ്ടായതിനെക്കാള്‍ മോശം വിധിയെന്ന് മമത ബാനര്‍ജി

 മോഡിയെ കാത്തിരിക്കുന്നത്  ട്രംപിനുണ്ടായതിനെക്കാള്‍  മോശം വിധിയെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാള്‍ വളരെ മോശം വിധിയാണ് നരേന്ദ്ര മോഡിയെ കാത്തിരുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ഗോള്‍ കീപ്പര്‍ താനാണ്. ഒരൊറ്റ ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കല്‍ക്കരി കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ എംപിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മോഡിക്കെതിരേയുള്ള മമതയുടെ രൂക്ഷ വിമര്‍ശനം.

രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോഡി. അസുരന്മാരാണ് രാജ്യം ഭരിക്കുന്നത്. നമ്മുടെ നട്ടെല്ല് തകര്‍ക്കാനാണ് അവരുടെ നീക്കം. നുഴഞ്ഞു കയറി ബംഗാള്‍ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.ഗുജറാത്തിന് ഒരു കാരണവശാലും ബംഗാളിനെ ഭരിക്കാന്‍ സാധിക്കില്ല. ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം - മമത വ്യക്തമാക്കി.

ബിജെപിക്കാര്‍ തന്റെ മരുമകളെ കല്‍ക്കരി കള്ളിയെന്ന് വിളിച്ചതിനെതിനേയും മമത രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നിയമവിരുദ്ധ ഖനനവും കല്‍ക്കരി മോഷണവും നടത്തുന്ന മന്‍ജിത് എന്ന വ്യക്തിക്കെതിരെ കഴിഞ്ഞ നവംബറിലാണ് സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ജനറല്‍ മാനേജര്‍ അമിത് കുമാര്‍ ധര്‍, ജയേഷ് ചന്ദ്ര റായ്, തന്‍മയ് ദാസ്, ധനഞ്ജയ് ദാസ്, ദേബാശിഷ് മുഖര്‍ജി എന്നിവര്‍ക്കെതിരെയും കേസെടുത്തു. കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി വില്‍പന നടത്തിയെന്നാണ് കേസ്. തൃണമൂല്‍ പാര്‍ട്ടി നേതാവ് വിനയ് മിശ്ര വഴി അഭിഷേക് കോഴ വാങ്ങിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

ക്രിക്കറ്റ് താരം മനോജ് തിവാരി, സിനിമാ താരം സയോനി ദത്ത, ജുണ്‍ മാലിയ തുടങ്ങിയ പ്രമുഖര്‍ ഹൂഗ്ലിയിലെ റാലിയില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.