ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ നിന്ന് ഫയലുകള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിനും ആളുകള്‍ പ്രവേശിക്കുന്നതിനും കടുത്ത നിയന്ത്രണം. രേഖകളും ഫയലുകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അനുമതിയില്ലാതെ ഫയലുകളും ഇലക്ട്രോണിക് രേഖകളും ഓഫീസുകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനാണ് ഡല്‍ഹി സെക്രട്ടറിയേറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെയും മന്ത്രിമാരുടെ ക്യാമ്പ് ഓഫിസുകളിലെയും ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.
ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് സന്ദര്‍ശിക്കാന്‍ എത്തുന്ന സ്വകാര്യ വ്യക്തികളുടെ പേര് വിവരങ്ങളും സന്ദര്‍ശന ആവശ്യവും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂവെന്ന് മറ്റൊരു ഉത്തരവില്‍ പറയുന്നു.
ഉത്തരവിന് പിന്നാലെ ഡല്‍ഹി സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെയും ഓഫീസുകളുടെയും വിഭാഗങ്ങളുടെയും ചുമതല വഹിക്കുന്നവര്‍ക്ക് ഫയലുകള്‍, രേഖകള്‍, ഇലക്ട്രോണിക് ഫയലുകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
സെക്രട്ടറിയേറ്റിന്റെ എല്ലാ നിലകളിലും നിരീക്ഷണം ശക്തമാക്കാന്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, എല്ലാ നിലകളിലും 24 മണിക്കൂര്‍ സിസി ടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി മദ്യനയ അഴിമതി അടക്കം നിരവധി കേസുകള്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടക്കമുള്ളവര്‍ പ്രതിയായ കേസിന്റെ ഫയലുകള്‍ കടത്തികൊണ്ടു പോകുന്നത് തടയാനാണ് നടപടിയെന്നും പറയപ്പെടുന്നു. എന്നാല്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ മാത്രമാണ് ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.