ട്രാക്ടര്‍ ഓടിച്ചും ആഴക്കടലില്‍ വലയെറിഞ്ഞും കേരളം നിറഞ്ഞ് കളിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി

ട്രാക്ടര്‍ ഓടിച്ചും ആഴക്കടലില്‍ വലയെറിഞ്ഞും കേരളം നിറഞ്ഞ് കളിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി

കൊച്ചി: വടക്കന്‍ കേരളത്തില്‍ ട്രാക്ടര്‍ ഓടിച്ചും തെക്കന്‍ കേരളത്തില്‍ ആഴക്കടലില്‍ വലയെറിഞ്ഞും കേരളം നിറഞ്ഞ് കളിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലേക്ക് വഴി തിരിച്ചു വിടാനൊരുങ്ങുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഗൂഢ തന്ത്രം മുന്‍കൂട്ടി കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്.

മാത്രമല്ല, കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വന്ന പല അഴിമതി ആരോപണങ്ങളേയും ഫലപ്രദമായി പ്രതിരോധിച്ച് റേറ്റിംഗ് നില നിര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി അധികാരം തിരിച്ചു പിടിക്കണമെങ്കില്‍ നന്നായി പണിയെടുക്കണമെന്നും രാഹുലിനറിയാം. എന്തു വിലകൊടുത്തും കേരളത്തില്‍ അധികാരത്തില്‍ വരേണ്ടത് വയനാട് എംപി എന്ന നിലയില്‍ രാഹുലിനും അനിവാര്യമാണ്.

അതിന് ഘട്ടം ഘട്ടമായി കൃത്യമായ മുന്നൊരുക്കങ്ങളാണ് അദ്ദേഹം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററിലായിപ്പോയ പാര്‍ട്ടിക്ക് അടിയന്തിര ചികിത്സ നല്‍കി ആരോഗ്യം വീണ്ടെടുത്തു നല്‍കുക എന്നതായിരുന്നു ആദ്യഘട്ടം. അതിനായി ഉമ്മന്‍ ചാണ്ടിക്ക് മുഖ്യ ചുമതല നല്‍കി തെരഞ്ഞെടുപ്പിനായി ഒരു മേല്‍നോട്ട സമിതി രൂപീകരിച്ചു.

ഇതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കോണ്‍ഗ്രസിന് പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാമെന്ന അവസ്ഥ വന്നു. തൊട്ടു പിന്നാലെ ആരംഭിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ 'ജീവന്‍ ടോണ്‍' ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. സിനിമാ താരങ്ങളായ മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് യാത്രയ്ക്കിടെയാണ്.

ബിഡിജെഎസില്‍ നിന്ന് ഒരു വിഭാഗവും എന്‍സിപിയില്‍ നിന്നു മാണി സി കാപ്പനും സംഘവും യുഡിഎഫിലെത്തി. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച യാത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഊര്‍ജം ചറുതല്ല. അങ്ങനെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നില മെച്ചപ്പെട്ടു.

ഇനി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന ദുര്‍ഘടം പിടിച്ച രണ്ടാം ഘട്ടമാണ്. അതിന് വ്യക്തമായ നയരേഖ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 'വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഏക മാനദണ്ഡം'. ഒരു മുന്നറിയിപ്പു പോലെ ഇക്കാര്യം അദ്ദേഹം പലവട്ടം ആവര്‍ത്തിച്ചു കഴിഞ്ഞു. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന എന്ന കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാകില്ല.

മൂന്ന് സ്വകാര്യ ഏജന്‍സികള്‍ മാസങ്ങള്‍ നീണ്ട സര്‍വ്വേ നടത്തി നൂറിലധികം മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ളവരുടെ ലിസ്റ്റ് രാഹുലിന് നല്‍കിക്കഴിഞ്ഞു. ഇതെല്ലാം മനസിലാക്കി ഗ്രൂപ്പ് മാനേജര്‍മാരുടെ ഓരം പറ്റി സീറ്റടിക്കാമെന്ന് മോഹിച്ചവരൊക്കെ ഏതാണ്ട് സ്വയം പിന്‍മാറി തുടങ്ങിയത് രാഹുലിന് കാര്യങ്ങള്‍ എളുപ്പമാക്കും.

മൂന്നാം ഘട്ടമായ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും രാഹുല്‍ ഗാന്ധിയുടെ ശക്തമായ സാന്നിധ്യം കേരളത്തിലുണ്ടാകും. തമിഴ്‌നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഏതാണ്ട് ഒരേ സമയമാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കേരളത്തിലെ പ്രചരണ രംഗത്ത് കൂടുതല്‍ സമയം രാഹുല്‍ ഗാന്ധിയുണ്ടാകും.

ഒപ്പം പ്രിയങ്കാ ഗാന്ധിയും സച്ചിന്‍ പൈലറ്റും അടക്കമുള്ള താരപ്രചാരകര്‍ വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തും. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉണ്ടാകാവുന്ന പ്രതിസന്ധിയേയും അദ്ദേഹം മുന്‍കൂട്ടി കാണുന്നുണ്ട്. അതിനുള്ള 'മറുമരുന്നു'കൂടി കൈവശം കരുതിയാണ് രാഹുല്‍ ഗാന്ധി കേരളം പിടിക്കാനിറങ്ങിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.