സര്‍ക്കാരിന്റെ മദ്യ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത

സര്‍ക്കാരിന്റെ മദ്യ നയത്തെ രൂക്ഷമായി വിമര്‍ശിച്ച്  മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന പ്രസംഗത്തിലാണ് മെത്രാപ്പൊലീത്ത സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തെ നിശിതമായി വിമര്‍ശിച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത.

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന പ്രസംഗത്തിലാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്റും പത്തനംതിട്ടയിലെ പൊലീസ് അതിക്രമവുമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മെത്രാപ്പൊലീത്ത വിമര്‍ശനമുയര്‍ത്തിയത്.

സമൂഹത്തെ മദ്യത്തില്‍ മുക്കുന്ന നീക്കമാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്റ്. മദ്യത്തില്‍ മുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാല്‍ അത് നാടിനെ സര്‍വ നാശത്തിലേക്ക് നയിക്കുമെന്നും അദേഹം ചൂണ്ടികാട്ടി.

പൊലീസ് ഇടപെടലില്‍ തുടങ്ങി മദ്യ നയത്തില്‍ വരെ സര്‍ക്കാരിന് പിടിപ്പുകേടെന്ന് തുറന്നടിച്ച തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലിത്ത, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പങ്കെടുത്ത് ലഹരിക്കെതിരായ പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണമെന്ന് ആഹ്വാനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ എടുത്ത് പറയുകയും ചെയ്തു.

പൊലീസ് ജനങ്ങളുടെ സംരക്ഷകരാണെന്ന കാര്യം മറക്കരുതെന്നായിരുന്നുവെന്നാണ് പത്തനംതിട്ടയിലെ പൊലീസ് അതിക്രമത്തിലെ വിമര്‍ശനം. പത്തനംതിട്ടയില്‍ നടന്നത് പൊലീസിന്റെ നര നായാട്ടെന്നും അക്രമ വാസനയും രാഷ്ട്രീയ വിധേയത്വം അല്ല പൊലീസിനെ നയിക്കേണ്ടതെന്നും മാര്‍ത്തോമാ സഭ അധ്യക്ഷന്‍ പറഞ്ഞു.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലും അദേഹം സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ചു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ നീതിബോധം കൈ വിടരുതെന്നും ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും അദേഹം ഓര്‍മിപ്പിച്ചു.

വയനാട് പുനരധിവാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇച്ഛാ ശക്തി കാണിക്കണമെന്നും വന്യ ജീവി ആക്രമണം തടയണമെന്നും മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വീണ ജോര്‍ജ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.