കൊലയ്ക്ക് മുന്‍പ് മുടിയും രോമങ്ങളും നീക്കി, മേശപ്പുറത്ത് വിചിത്ര പ്രതിമകളും; മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാത്താന്‍ സേവയെന്ന് കുടുംബം

കൊലയ്ക്ക് മുന്‍പ് മുടിയും രോമങ്ങളും നീക്കി, മേശപ്പുറത്ത് വിചിത്ര പ്രതിമകളും; മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാത്താന്‍ സേവയെന്ന് കുടുംബം

വെള്ളറട: കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് സാത്താന്‍ സേവയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി വീട്ടുകാര്‍. മകന്‍ പ്രജിന്‍ ജോസിന്റെ(28) സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമകുമാരി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസ്(70)ണ് കൊല്ലപ്പെട്ടത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ മകന്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍വച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്.

വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമം മകനുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ വെറുതെ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയത്. ഇതിനു ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് കുടുംബം വ്യക്തമാക്കി.

കൊച്ചിയില്‍ പോയതിന് ശേഷം പള്ളിയില്‍ പോകാന്‍ മടികാട്ടുകയും എപ്പോഴും മുറി അടച്ചിരിക്കുന്നതും പതിവാക്കിയിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ചിലപ്പോഴൊക്കെ രാത്രിയില്‍ വാഹനമെടുത്ത് പുറത്ത് പോകുന്ന പ്രജിന്‍, മണിക്കൂറുകള്‍ കഴിഞ്ഞാണ് മടങ്ങി വന്നിരുന്നത്. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ മര്‍ദനവും പതിവായിരുന്നു. ഇക്കാരണത്താല്‍ പ്രജിന്റെ മുറിയില്‍ എന്താണ് നടക്കുന്നതെന്നുള്ള ഒരു വിവരവും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറയുന്നു.

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു. സാത്താന്‍ സേവ പോലുള്ള ആഭിചാര കര്‍മങ്ങളില്‍ മകന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

നെയ്യാറ്റിന്‍കര തൊഴുക്കല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് വെള്ളറട പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.