കാട്ടാന ആക്രമണത്തില്‍ മരിച്ച സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; മകള്‍ക്ക് ജോലി നല്‍കുമെന്ന് കളക്ടറുടെ ഉറപ്പ്

കാട്ടാന ആക്രമണത്തില്‍ മരിച്ച സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; മകള്‍ക്ക് ജോലി നല്‍കുമെന്ന് കളക്ടറുടെ ഉറപ്പ്

തൊടുപുഴ: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ വി. വിഗ്‌നേശ്വരി ഉറപ്പ് നല്‍കി. സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പന്‍പാറയിലായിരുന്നു കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ഇതോടെ നാട്ടുകാര്‍ തല്‍കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം മാറ്റാന്‍ കഴിഞ്ഞത്.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. അതേസമയം സംഭവത്തില്‍ തുടര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വനം മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭര്‍ത്താവ് ആരോപിച്ചു. കൊമ്പന്‍പാറ ടി.ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.

അരുവിയില്‍ കുളിക്കാന്‍ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.