2024 ജനുവരി ഒന്നു മുതല്‍ ഇന്ന് വരെ 57 പേരാണ് കേരളത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 15 പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ മാത്രം ജീവന്‍ നഷ്ടമായത്.
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് 50 വയസുകാരന്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ചു. പാലോട് മാടത്തറ പുലിക്കോട് ചതുപ്പില്‍ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധു വീട്ടില്‍ പോയ ശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ബാബു ബന്ധു വീട്ടില്‍ എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇന്നലെ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണ കാരണം വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് വനംവകുപ്പ് കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
ഇടുക്കി പെരുവന്താനം കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ ഇസ്മായില്‍ എന്ന സ്ത്രീയും വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മാനുവെന്ന യുവാവും കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കിടെയാണ് തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ നിത്യ സംഭവങ്ങളാകുമ്പോള്‍ 2024 ജനുവരി ഒന്നു മുതല്‍ ഇന്ന് വരെ 57 പേരാണ് കേരളത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 15 പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ മാത്രം ജീവന്‍ നഷ്ടമായത്. 2024 ല്‍ ഇടുക്കി ജില്ലയില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
2025 പിറന്ന് വെറും നാല്‍പ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 12 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്കും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്കും പാമ്പുകടിയേറ്റ് നാല് പേര്‍ക്കും ജീവന്‍ നഷ്ടമായെന്ന് വനം വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അഞ്ച് പേരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.