ഡേറ്റാ ബാങ്ക് സ്ഥലത്ത് ഭവന രഹിതര്‍ക്ക് വീട് വിലക്കരുത്; അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും: മുഖ്യമന്ത്രി

ഡേറ്റാ ബാങ്ക് സ്ഥലത്ത് ഭവന രഹിതര്‍ക്ക് വീട് വിലക്കരുത്;  അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ഡേറ്റാ ബാങ്കിലോ തണ്ണീര്‍ത്തട പരിധിയിലോ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ വീട് വയ്ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ തടസം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പായാല്‍ നിരവധി അപേക്ഷകര്‍ക്ക് ആശ്വാസമാവും. ഗ്രാമപഞ്ചായത്തില്‍ 10 സെന്റിനും നഗരത്തില്‍ 5 സെന്റിനുമാണ് ഇളവ് നല്‍കുന്നത്.

തണ്ണീര്‍ത്തട നിയമത്തില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത നിലത്തിന്റെ വിസ്തീര്‍ണ്ണം 10 സെന്റിനുള്ളിലാണെങ്കില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരം മാറ്റം ആവശ്യമില്ല.

ഇത്തരം അപേക്ഷകളില്‍ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി.ടി.ആറില്‍ (അടിസ്ഥാന ഭൂമി നികുതി രജിസ്റ്റര്‍) നിലം എന്ന് രേഖപ്പെടുത്തിയതും തടസമല്ല. ഫോം ഒന്നിലാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്.

അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 40 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും തരംമാറ്റം വേണ്ട. കെട്ടിട നിര്‍മ്മാണ അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചാല്‍ മതി.

അപേക്ഷകരെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാന്‍ കൃഷി, തദ്ദേശ, റവന്യൂ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഇക്കാരണത്താല്‍ ഈ ആനുകൂല്യം പലപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ വന്ന 2008 ല്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ നെല്‍വയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീട് വയ്ക്കാന്‍ പറ്റിയ സ്ഥലം സ്വന്തം ജില്ലയില്‍ ഇല്ലാത്ത പക്ഷം ഗ്രാമപഞ്ചായത്തില്‍ 10 സെന്റും നഗര പ്രദേശങ്ങളില്‍ അഞ്ച് സെന്റും നിലം വീട് വയ്ക്കാനും അനുമതി ലഭിക്കും.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.അപേക്ഷകരെ ഓരോ കാരണം പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.