തിരുവനന്തപുരം: ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലാകെ 55 ശതമാനം അധികമാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് കൂടിവരുന്ന ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് പി.സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ 2023 ല്‍ 16,100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയപ്പോള്‍ 2024 ല്‍ അത് 25,000 കോടിയിലെത്തിയെന്നും പിഐബി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ ആകെ കേരളത്തില്‍ പിടികൂടിയ മയക്കുമരുന്നിന്റെ മൂല്യം 60 കോടിയുടെതാണ്.
2023 ല്‍ സ്‌കൂള്‍ പരിസരങ്ങളിലെ പരിശോധന 10761 ആയിരുന്നത് 2024 ല്‍ 32846 പരിശോധനകളായി വര്‍ധിച്ചു. രാജ്യത്ത് മയക്കുമരുന്ന് കേസുകളില്‍ ഏറ്റവുമധികം അറസ്റ്റുണ്ടാകുന്നത് കേരളത്തിലാണ്. 24517 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. ഡ്രഗ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന പഞ്ചാബില്‍ നിന്ന് അറസ്റ്റിലായത് 9134 പേര്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു. പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വളരെ ഹൃദയ സ്പര്‍ശിയായി അനുഭവങ്ങളെ മുന്‍നിര്‍ത്തി പ്രമേയ അവതാരകന്‍ അവതരിപ്പിച്ചെന്നും അദേഹത്തിന്റെ അവതരണത്തെ അഭിനന്ദിക്കുന്നുവെന്നും എം.ബി രാജേഷ് പറഞ്ഞു.
വിവിധ ജില്ലകളിലെ ലഹരി ആക്രമണ വാര്‍ത്തകള്‍ സഭയില്‍ ഉയര്‍ത്തിയായിരുന്നു പി.സി വിഷ്ണുനാഥിന്റെ അവതരണം. കോഴിക്കോട് ജില്ലയില്‍ മകന്‍ മാതാവിനെ വെട്ടി കൊലപ്പെടുത്തിയത് സിനിമ കഥയല്ല. ലഹരി സ്വന്തം മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഗ്രാമങ്ങളില്‍ ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭിക്കുന്നു. താമരശേരിയിലെത് ഒറ്റപ്പെട്ട സംഭവമല്ല. ഒരു തലമുറയെ കാര്‍ന്നു തിന്നുന്ന വൈറസായി ലഹരി മാറുകയാണ്.
ഇന്നലെയാണ് കൊടുങ്ങല്ലൂരില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയുടെ കഴുത്തറുത്തത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ ചേന്ദമംഗലത്ത് വീട്ടില്‍ കയറി മൂന്ന് പേരെ അടിച്ചു കൊന്നത് ലഹരി ഉപയോഗിച്ച യുവാവാണ്. കോട്ടയത്ത് പൊലീസുകാരനെ കൊന്ന പ്രതി ലഹരിക്ക് അടിമയാണ്.
കുണ്ടറയില്‍ ലഹരിക്കടിമയായ യുവാവ് മുത്തച്ഛനെയും അമ്മയെയും തലയ്ക്കടിച്ചു കൊന്നു. അയാളെ പൊലീസ് അറസ്റ്റ് ചെയ്തത് കാശ്മീരില്‍ നിന്നാണ്. അയാളില്‍ അശേഷം കുറ്റബോധം ഉണ്ടായിരുന്നില്ല. ആ നാട്ടില്‍ അത് യഥേഷ്ടം ഉപയോഗിക്കാന്‍ കിട്ടുന്നതാണ്.
വിദ്യാര്‍ഥികള്‍ കാരിയര്‍മാരായി മാറുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കണം. പലപ്പോഴും തിരിച്ചു കൊണ്ടു വരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടികള്‍ മാറുന്നു. രാസ ലഹരി കൂടുതലായി ഉപയോഗിക്കാന്‍ യുവാക്കള്‍ തയ്യാറാകുന്നു. പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ് ഉപയോഗിക്കുന്നതിന് പിന്നിലെന്നും വിഷ്ണുനാഥ് ആരോപിച്ചു.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോട് യോജിക്കുന്നില്ലെങ്കിലും ഗൗരവമുള്ള സാമൂഹിക വിപത്തിനെ മുന്നോട്ടു വെക്കുന്നതു കൊണ്ടാണ് സഭ ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. പിസി വിഷ്ണുനാഥ് കാര്യ ഗൗരവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
അദേഹത്തിന്റെ അവതരണത്തില്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരമല്ല ഉണ്ടായത്. പ്രശ്നത്തിന്റെ ഗൗരവം തന്നെയാണെന്നും രാജേഷ് പറഞ്ഞു. മറ്റ് അംഗങ്ങള്‍ പലരും ഇക്കാര്യത്തില്‍ ഗൗരവമുള്ള വിഷയങ്ങള്‍ ഉന്നയിച്ചു. അവസാനം പ്രതിപക്ഷ നേതാവിന്റെ സംസാരത്തില്‍ ചില രാഷ്ട്രീയ മുനകളുണ്ടായെങ്കിലും അത് ഈ വിഷയത്തില്‍ പ്രശ്നമാക്കുന്നില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.